സണ്ണി ലിയോൺ, ജാക്കി ഷ്റോഫ്, വിവേക് ഒബ്റോയി, മഹിമ ചൗധരി, മിനിഷ ലാംബ, ശക്തി കപൂർ തുടങ്ങി 36 സിനിമാ താരങ്ങള്‍ ഒളിക്യാമറയില്‍ കുടുങ്ങി

single-img
19 February 2019

തെരഞ്ഞെടുപ്പിന് മുന്നോടിയായി പണം നൽകിയാൽ ഏത് തരത്തിലുള്ള ആശയങ്ങളും സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാമെന്ന് ബോളിവുഡ് താരങ്ങൾ. സണ്ണി ലിയോൺ, ജാക്കി ഷ്റോഫ്, സോനു സൂദ്, വിവേക് ഒബ്റോയി, മഹിമ ചൗധരി, ശ്രേയസ് തൽപാണ്ഡെ, പുനീത് ഇസ്സർ, ടിസ്ക ചോപ്ര, രോഹിത് റോയ്, മിനിഷ ലാംബ, ശക്തി കപൂർ തുടങ്ങി 36 സിനിമാ താരങ്ങളാണ് ഏത് തരത്തിലുള്ള ആശയങ്ങളും സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാമെന്ന് പറഞ്ഞത്.


ഓപ്പറേഷൻ കരോക്കേ എന്ന കോബ്ര പോസ്റ്റിന്റെ ഒളിക്യാമറ ഓപ്പറേഷനിലാണ് ബോളിവുഡിനെ വെട്ടിലാക്കി താരങ്ങളുടെ വെളിപ്പെടുത്തൽ. ബി.ജെ.പി, കോൺഗ്രസ്, ആം ആദ്മി പാർട്ടി തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ പി.ആർ ഏജന്റുകൾ എന്ന വ്യാജേനയാണ് ഇവർ സെലിബ്രിറ്റികളെ സമീപിച്ചത്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ രാഷ്ട്രീയ പാർട്ടികളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാധിക്കുമോ എന്നു ഇവരോട് റിപ്പോർട്ടർമാർ ചോദിക്കുന്നു.

പണം നൽകിയാൽ തയ്യാറാണെന്ന് മിക്കവരും പറയുന്നു. ഈ അജണ്ട പുറത്ത് ആരും അറിയില്ലെന്ന് ഇവർ പരസ്പരം ഉറപ്പ് നൽകുന്നു. മുഴുവൻ തുകയും പണമായി തന്നെ നൽകണമെന്നാണ് ഇവരിൽ പലരുടെയും ആവശ്യം. നോട്ട് നിരോധനം ഒരു ചരിത്രസംഭവമാണെന്ന് നേരത്തേ പറഞ്ഞിട്ടുള്ള ശക്തി കപൂർ മുഴുവൻ തുകയും കള്ളപ്പണമായി നൽകണമെന്ന് ആവശ്യപ്പെടുന്നു.

വിദ്യ ബാലൻ, അർഷാദ് വർസി, റാസ മുറാദ്, സൗമ്യ ഠണ്ഡൺ എന്നിവർ പ്രലോഭനത്തിൽ വീണില്ല. സാമൂഹിക മാധ്യമങ്ങൾ ഇത്തരത്തിൽ ഉപയോഗിച്ചാൽ അത് ആരാധകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ഇവർ പറഞ്ഞുവെന്ന് കോബ്ര പോസ്റ്റ് പറയുന്നു.