കശ്മീരില്‍ ആരാണോ തോക്കെടുക്കുന്നത് അവരെ കൊല്ലുക തന്നെ ചെയ്യും: മുന്നറിയിപ്പുമായി സൈന്യം

single-img
19 February 2019

കശ്മീര്‍ താഴ്‌വരയില്‍ ജയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ പൂര്‍ണമായും തുടച്ചു നീക്കിയതായി ഇന്ത്യന്‍ സൈന്യം. ഭീകര സംഘടനയുടെ നേതൃത്വത്തെ നിരീക്ഷിച്ചുവരികയാണ്. പുല്‍വാമ ചാവേറാക്രമണം കഴിഞ്ഞ് 100 മണിക്കൂറിനുള്ളിലാണു സൈനിക നീക്കം ലക്ഷ്യം കണ്ടതെന്നും ഇന്ത്യന്‍ കരസേന ചിനാര്‍ കോപ്‌സ് കമാന്‍ഡര്‍ കന്‍വല്‍ ജീത് സിങ് ധില്ലന്‍ വ്യക്തമാക്കി.

ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടത്തിയ ചാവേറാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന കമ്രാന്‍ ഉള്‍പ്പെടെയുള്ള ഭീകരരെയാണു സൈന്യം വധിച്ചത്. പാക്കിസ്ഥാന്‍ സ്വദേശിയായ കമ്രാന്‍ ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിന്റെ അടുത്ത അനുയായി കൂടിയാണ്. പാക്ക് സ്വദേശിയായ റാഷിദ്, കശ്മീരിലെ ബോംബ് സ്‌പെഷലിസ്റ്റ് ഹിലാല്‍ അഹമ്മദ് എന്നിവരെയും സൈന്യം വധിച്ചു.

അതേസമയം കശ്മീരില്‍ ആരാണോ തോക്കെടുക്കുന്നത് അവര്‍ കീഴടങ്ങാത്ത പക്ഷം അവരെ കൊല്ലുക തന്നെ ചെയ്യുമെന്ന് സൈനിക മേധാവി കെ ജെ എസ് ദിലോന്‍ പറഞ്ഞു. കരസേന, സി.ആര്‍.പി.എഫ്. ജമ്മുകാശ്മീര്‍ പോലീസ് മേധാവികളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സൈന്യം ഭീകരര്‍ക്ക് അന്ത്യശാസനം നല്‍കിയത്.

”ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, ജമ്മുകശ്മീരില്‍ ഇനി ആരെങ്കിലും തോക്ക് എടുത്താല്‍ അവരെ കൊല്ലുക തന്നെ ചെയ്യും. കുടുബത്തിലെ പ്രയപ്പെട്ടവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരോട് തോക്ക് താഴെ വെച്ച് കീഴടങ്ങാന്‍ പറയണം, അല്ലാത്ത പക്ഷം സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഇനിയൊരു ദയയും ഉണ്ടാകില്ല”- കെ ജെ എസ് ദിലോന്‍ വ്യക്തമാക്കി.