തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി എവിടെ?

single-img
19 February 2019

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ കണ്ടെത്താനാവാതെ പൊലീസ് സംഘം ഇരുട്ടില്‍ തപ്പുന്നു. കേസെടുത്തതിനു പിന്നാലെ ഖാസിമി ബെംഗളൂരുവിലേക്കു കടന്നുവെന്നാണ് വിവരം. അന്വേഷണ സംഘം ബെംഗളൂരുവില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഷെഫീഖ് അല്‍ ഖാസിമിയെ കണ്ടത്താനായില്ല.

ഇതിനിടെ കസ്റ്റഡിയിലുള്ള സഹോദരങ്ങളല്ല, എസ്.ഡി.പി.ഐ നേതാക്കളാണ് അല്‍ ഖാസിമിക്ക് സംരക്ഷണം ഒരുക്കിയിരിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചു. പഞ്ചായത്ത് അംഗവും സംസ്ഥാന നേതാവുമായ രണ്ട് എസ്.ഡി.പി.ഐക്കാരുടെ പങ്കിനാണ് തെളിവ് ലഭിച്ചത്.

ഇവര്‍ അല്‍ ഖാസിമിക്ക് പണം എത്തിച്ച് നല്‍കിയതിനൊപ്പം തൃപ്പൂണിത്തുറയില്‍ ഒളിയിടമായി വാടകവീട് എടുത്ത് നല്‍കിയെന്നും പറയുന്നു. പൊലീസ് ഈ വീട്ടിലെത്തിയപ്പോളേക്കും അവിടെ നിന്ന് ഇയാള്‍ മുങ്ങി. എന്നാല്‍ ഈ എസ്.ഡി.പി.ഐ നേതാക്കള്‍ ഒളിവില്‍ പോയിട്ടില്ലാത്തത് പൊലീസിന് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നാണ് വിവരം.

ഇവര്‍ക്കും സഹോദരങ്ങള്‍ക്കുമെതിരെ കേസെടുക്കാനുള്ള ആലോചനയിലാണ് അന്വേഷണസംഘം. അതേസമയം ഖാസിമി പോലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങാനുള്ള നീക്കങ്ങള്‍ നടക്കുന്നതായും സൂചനയുണ്ട്. ഇമാം എവിടെയെന്ന് ഒരു വ്യക്തതയുമില്ലാത്ത പൊലീസ്, കേരളത്തില്‍ തന്നെയുണ്ടെന്ന വിശ്വാസത്തിലാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.

പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാത്തതിനാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. മുന്‍കൂര്‍ ജാമ്യത്തിനായി ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കേസെടുത്തത്.

സ്‌കൂളില്‍നിന്ന് മടങ്ങിവന്ന വിദ്യാര്‍ഥിനിയെ ഷെഫീഖ് അല്‍ ഖാസിമി സ്വന്തം ഇന്നോവ കാറില്‍ വനമേഖലയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെത്തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ വാഹനം തടഞ്ഞുവച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

യൂണിഫോം ധരിച്ച പെണ്‍കുട്ടി കാറിലിരിക്കുന്നത് നാട്ടുകാരിയായ പെണ്‍കുട്ടിയാണ് ആദ്യം കണ്ടത്. പെണ്‍കുട്ടി അറിയിച്ചതനുസരിച്ചാണ് തൊഴിലുറപ്പ് സ്ത്രീകള്‍ സ്ഥലത്തെത്തി. കാറിനുള്ളിലെ പെണ്‍കുട്ടി ആരാണെന്നു ചോദിച്ചപ്പോള്‍ ഭാര്യയാണെന്നായിരുന്നു ഷെഫീഖ് അല്‍ ഖാസിമിയുടെ മറുപടി. പെണ്‍കുട്ടി ആ സമയം കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് നിലവിളിച്ചു.

കൂടുതല്‍ നാട്ടുകാരെത്തിയതോടെ ഷെഫീഖ് അല്‍ ഖാസിമി വണ്ടിയുമായി സ്ഥലത്തുനിന്ന് കടന്നു. നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. പള്ളി കമ്മറ്റി നടത്തിയ അന്വേഷണത്തില്‍ ഷെഫീഖ് അല്‍ ഖാസിമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തൊളിക്കോട് ജമാഅത്ത് പള്ളിയിലെ ഇമാം സ്ഥാനത്തുനിന്ന് ഷെഫീഖ് അല്‍ ഖാസിമിയെ മാറ്റിയിരുന്നു. ഇമാം കൗണ്‍സിലെ സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കി.

അറിയപ്പെടുന്ന മത പ്രഭാഷകനാണ് ഷെഫീഖ് അല്‍ ഖാസിമി. വഴിതെറ്റുന്ന യുവത, യുവതയുടെ പ്രണയം തുടങ്ങിയ ഷെഫീഖ് അല്‍ ഖാസിമിയുടെ പ്രഭാഷണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.