ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കണം; ആഞ്ഞടിച്ച് വി ടി ബല്‍റാം

single-img
18 February 2019

കാസര്‍കോട് കല്ലിയോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി  ബൽറാം. ജെയ്ഷെ മുഹമ്മദിനേയും സിപിഎമ്മിനേയും നിരോധിക്കണമെന്ന് ബല്‍റാം തന്‍റെ ഫേസ്ബുക്കില്‍‌ കുറിച്ചു.

നേരത്തേ മുഖ്യമന്ത്രിക്കെതിരെ രൂക്ഷഭാഷയിൽ പൊട്ടിത്തെറിച്ച് ഷാഫി പറമ്പിൽ എംഎൽഎയും രംഗത്തുവന്നിരുന്നു . ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഷാഫി എംഎല്‍എ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ‘നാൻ പെറ്റ മകനേ എന്ന് വിളിച്ച് കരയാൻ ഇവർക്കുമുണ്ട് അമ്മമാർ’ എന്ന് പറഞ്ഞാണ് ഷാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

എത്ര തലകൾ അറുത്തുമാറ്റിയാലാണ് നിങ്ങളുടെ ചോരക്കൊതി തീരുക എന്നും എത്രകാലം നിങ്ങൾ കൊന്നുകൊണ്ടേയിരിക്കും എന്നും ഷാഫി പറമ്പിൽ കുറിപ്പില്‍  ചോദിക്കുന്നു. ഈ രക്തദാഹം ശാപമാണെന്നും ശീലിപ്പിച്ചത് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അമ്മമാരുടെ കണ്ണീരിൽ നിങ്ങൾ ഒലിച്ചുപോകുമെന്നും മുഖ്യമന്ത്രിയെ പേരെടുത്ത് പരാമർശിച്ച് ഷാഫി പറമ്പിൽ വിമർശിക്കുന്നു. 

കാസര്‍കോ‍ട് പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ് കൊല്ലപ്പെട്ടത്. കല്യോട്ട് നടന്ന തെയ്യം സംഘാടകസമിതിക്ക് ശേഷം തിരിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ഇരുവരെയും ഇടവഴിയില്‍ വച്ച് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജോഷി യൂത്ത് കോൺഗ്രസ് പ്രവർത്തകനും ജവഹര്‍ ബാല ജനവേദി മണ്ഡലം പ്രസിഡന്‍റുമാണ്. മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്നാണ് സൂചന.