മൃതദേഹത്തിനൊപ്പം സെൽഫി: സോഷ്യൽമീഡിയ പ്രചാരണത്തിനെതിരേ കണ്ണന്താനം പൊലീസ് മേധാവിക്ക് പരാതി നൽകി

single-img
18 February 2019

തിരുവനന്തപുരം: പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികന്റെ മൃതദേഹത്തിനൊപ്പം ‘സെൽഫി’ എടുത്തെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി.

പുൽവാമയിലെ നഹീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സി ആർ പി എഫ് ജവാൻ വസന്തകുമാറിന്റെ മൃതദേഹം വയനാട്ടിലെ കുടുംബ വീട്ടിൽ എത്തിച്ചപ്പോള്‍ മൃതദേഹത്തിനു സമീപം നില്‍ക്കുന്ന ഫോട്ടോ ചിലര്‍ എടുത്തിരുന്നു. ഇത് തന്റെ സെക്രട്ടറി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇത് താനെടുത്ത ‘സെൽഫി’ ആണെന്ന തരത്തിൽ ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തി. അത് തനിക്ക് മാനഹാനിയുണ്ടാക്കിയെന്നും അത്തരക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നുമാണ് ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര മന്ത്രിയെന്ന നിലയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചാണ് വീരമൃത്യുവരിച്ച ജവാന്റെ സംസ്‌കാര ചടങ്ങിനെത്തിയത്. തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയ ഇത്തരം കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വന്നില്ലെങ്കില്‍ അത് രാജ്യത്തിന്റെ അഖണ്ഡതയ്ക്കു തന്നെ വെല്ലുവിളിയാണെന്നും കണ്ണന്താനം പരാതിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം പറയുന്നു.