‘സാനിയ മിർസ പാകിസ്താന്റെ മരുമകള്‍; ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് നീക്കണം’: ബി.ജെ.പി

single-img
18 February 2019

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയെ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ബി.ജെ.പി എം.എൽ.എ രാജാ സിങ്ങ്. പാകിസ്താന്റെ മരുമകളാണ് സാനിയയെന്നും അങ്ങനെ ഒരു വ്യക്തിയെ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡറായി വേണ്ടെന്നും രാജാ സിങ്ങ് വ്യക്തമാക്കി.

ജമ്മു കാശ്മീരിലെ പുൽവാമയിൽ ഇന്ത്യൻ സൈന്യത്തിന് നേരെ പാക് ഭീകരർ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് രാജാ സിം​ഗിന്റെ ഈ വിവാദ പ്രസ്താവന. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനെ എതിർക്കുന്നവരുടെ തല കൊയ്യുമെന്ന് ഭീഷണിപ്പെടുത്തി രാജാ സിം​ഗ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

അതുപോലെ രാജസ്ഥാനിലെ ആൽവാറിൽ പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിലും രാജാ സിം​ഗ് വിവാദ പ്രസ്താവന നടത്തിയിരുന്നു. പശുവിനെ രാഷ്ട്രമാതാവായി അംഗീകരിക്കുന്നത് വരെ രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുമെന്നായിരുന്നു രാജാ സിം​ഗിന്റെ പ്രസ്താവന.