പാകിസ്താനില്‍ വന്‍കിട നിക്ഷേപങ്ങള്‍ പ്രഖ്യാപിച്ചശേഷം സൗദി കിരീടാവകാശി നാളെ ഇന്ത്യയില്‍ എത്തുന്നു

single-img
18 February 2019

പാകിസ്താന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നാളെ ഇന്ത്യയിലെത്തും. വന്‍കിട നിക്ഷേപങ്ങള്‍ പാകിസ്താനില്‍ പ്രഖ്യാപിച്ചാണ് കിരീടാവകാശിയെത്തുന്നത്. രാഷ്ട്രപതി, ഉപരാഷട്രപതി, പ്രധാനമന്ത്രി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ച നാളെ നടക്കും. വിവിധ മേഖലകളിലെ ധാരണാ പത്രങ്ങളും തയ്യാറായെന്ന് റിയാദിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അടിസ്ഥാന സൗകര്യമേഖലകളിലേക്കുള്ള സൗദിയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപനവും പ്രതീക്ഷിക്കുന്നുണ്ട്. നിക്ഷേപ പദ്ധതികള്‍ക്കായി വ്യവസായികളുടെ 40 അംഗ സംഘം കൂടെയുണ്ട്. ഇന്ത്യക്ക് ശേഷം ചൈനയാണ് കിരീടാവകാശിയുടെ ലക്ഷ്യം.

അതേസമയം പുല്‍വാമയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ ഒറ്റപ്പെട്ട പാകിസ്ഥാന് സഹായം പ്രഖ്യാപിച്ച സൗദി അറേബ്യയുടെ നിലപാട്, ഇന്ത്യയും സൗദിയുമായുള്ള ബന്ധത്തെ കാര്യമായി ബാധിക്കുന്നതിനോടൊപ്പം മറ്റ് ലോകരാജ്യങ്ങളുമായുള്ള സൗദി അറേബ്യയുടെ നയതന്ത്ര ബന്ധങ്ങളിലും നിര്‍ണായക മാറ്റമുണ്ടാക്കാന്‍ കാരണമാകും എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.