രക്തത്തിന്റെ രുചി പിടിച്ച സിപിഎം ഭീകരസംഘടനയെ പോലെ പെരുമാറുന്നു: രമേശ് ചെന്നിത്തല

single-img
18 February 2019

സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. രക്തത്തിന്റെ രുചി പിടിച്ച സിപിഎം ഭീകരസംഘടനയെ പോലെയാണ് പെരുമാറുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചോരക്കളി അവസാനിപ്പിക്കാൻ സിപിഎം തയാറാകുന്നില്ല. ജനാധിപത്യ ക്രമത്തിൽ എങ്ങനെ പെരുമാറണമെന്ന് പോലും അവർക്ക് അറിയില്ല. ശുഹൈബിന്റെ കൊലപാതകത്തിന് ഒരു വർഷം തികഞ്ഞപ്പോഴാണ് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇല്ലാതാക്കിയ തെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഭരണത്തിന്റെ തണലിൽ കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎമ്മാണ് കണ്ണൂർ, കാസർകോട് ജില്ലകളിൽ നടക്കുന്ന കൊലപാതകങ്ങളുടെ മുഖ്യപ്രഭവകേന്ദ്രം. അരാജകത്വത്തിലേക്ക് കേരളം പോകുന്നുവെന്നതിന്റെ ഉദാഹരണമാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു. പ്രതികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാനുള്ള നടപടികൾ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഇന്നലെ രാത്രിയാണ് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ് (19), ശരത് ലാൽ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടരയോടെയായിരുന്നു അക്രമം. മൂന്നംഗ സംഘ‌ം കൃപേഷിനെയും ശരത്തിനെയും ബൈക്കിൽ പിന്തുടർന്ന് അടിച്ചുവീഴ്ത്തിയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നു മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്.