പാലോട് രവിയുടെ നേതൃത്വത്തിൽ മീഡിയ കോ-ഓര്‍ഡിനേഷൻ കമ്മിറ്റി പ്രവർത്തനം തുടങ്ങി

single-img
18 February 2019

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുക എന്ന കോൺഗ്രസ് നയത്തിന്റെ ഭാഗമായി മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവിയുടെ നേതൃത്വത്തിൽ മീഡിയ കോ-ഓര്‍ഡിനേഷൻ കമ്മിറ്റി പ്രവർത്തനം തുടങ്ങി. മൂന്ന് തലത്തിലാണ് മീഡിയ കോ-ഓര്‍ഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനം.

പാർലമെന്റ് അടിസ്ഥാനത്തിൽ വരുന്ന പ്രാദേശിക വാർത്തകൾ, ജില്ലാ-സംസ്ഥാന വാർത്തകൾ, ദേശീയ വാർത്തകൾ എന്നിങ്ങനെ തരം തിരിക്കും. മൂന്ന് വാർത്തകൾക്കും അതിന്റേതായ പ്രാധാന്യമുള്ളതിനാൽ പ്രത്യേക സബ് കമ്മിറ്റികൾക്കാണ് ഇതിന്റെ ചുമതല. കമ്മിറ്റിയിലെ അംഗങ്ങളെ കണ്ടെത്താൻ പ്രത്യേക വർക്ക്ഷോപ്പ് സംഘടിപ്പിക്കും.

19 ആം തീയതി മീഡിയ കമ്മിറ്റി ചെയർമാൻ കെ.പി.സി.സി പ്രസിഡന്റുമായും മുതിർന്ന നേതാക്കളുമായും കൂടിയാലോചിച്ച ശേഷം വർക്ക്ഷോപ്പിനുള്ള രൂപരേഖ തയ്യാറാക്കും. എംഎൽഎ, ഡെപ്യൂട്ടി സ്പീക്കർ തുടങ്ങി വിവിധ പദവികളിൽ നടത്തിയ പ്രവർത്തനങ്ങളാണ് പാലോട് രവിയെ വലിയ ഉത്തരവാദിത്വം ഏൽപ്പിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്.

കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ പാലോട് രവി സംഘടനയുടെ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസിലും ഐ.എന്‍.ടി.യു.സിയിലും വിവിധ സ്ഥാനങ്ങള്‍ വഹിച്ചു. റബര്‍ ബോര്‍ഡ്, പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രസിഡന്റായും ശ്രീ ചിത്തിര തിരുനാള്‍ സ്മാരക സമിതി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി, സ്റ്റേറ്റ് ആന്‍ഡ് നാഷണല്‍ ലിറ്ററസി മിഷന്‍ ഗവേണിങ് ബോഡി അംഗം, രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രന്ഥശാലാ സംഘം, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, സാഹിത്യ അക്കാഡമി എന്നിവയിലും വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. എ.ഐ.സി.സി, കെ.പി.സി.സി എന്നിവയിലെ എക്‌സിക്യൂട്ടീവ് അംഗം, ഐ.എന്‍.ടി.യു.സി ഓള്‍ ഇന്ത്യാ സെക്രട്ടറി സംസ്‌കാര സാഹിതി ചെയര്‍മാന്‍ എന്നീ പദവികളിലും പാലോട് രവി തന്റേതായ, വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.