‘കണ്ണ് തുറന്നു കാണൂ…’: ഈ ചെറ്റക്കുടിലിൽ ആണ് കൊല്ലപ്പെട്ട കൃപേഷും അച്ഛനും അമ്മയും പെങ്ങന്മാരും കഴിയുന്നത്

single-img
18 February 2019

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് തന്നിത്തോട് കൂരാങ്കര റോഡില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടത്. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്. നിനച്ചിരിക്കാത്ത നേരത്ത് നടന്ന അക്രമവും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവും കല്യോട്ട് ഗ്രാമത്തെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കിയിരിക്കുകയാണ്.

കൂരാങ്കരയിലെ സത്യാനാരായണന്റെ മകനാണ് ശരത്. സജീവ യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ജവഹര്‍ ബാലജനവേദി പുല്ലൂര്‍ പെരിയ മണ്ഡലം പ്രസിഡന്റാണ്. പെയിന്റിങ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്. അച്ഛനും അമ്മയും രണ്ട് പെങ്ങൻമാരും ഉൾപ്പെടെ ഉള്ള കുടുംബം ചെറ്റ കുടിലിലാണ് കഴിഞ്ഞിരുന്നത്. മൂത്തസഹോദരി ഗർഭിണിയാണ്. ഇളയ സഹോദരി പ്ലസ് ടു വിദ്യാർത്ഥനിയും.

”അവനിഷ്ടമുള്ള പാർട്ടിയിൽ പ്രവർത്തിക്കട്ടെ എന്നാണ് കരുതിയിരുന്നത്. ഞാൻ സിപിഎം അനുഭാവിയാണ്. മകനോട് പ്രശ്നങ്ങളിൽ പെടരുതെന്ന് പറഞ്ഞിരുന്നു.” – കൃപേഷിന്‍റെ അച്ഛൻ പറഞ്ഞു.

കൃപേഷിന്റെ വീടിൻറെ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി അടിക്കാനും കൊല്ലാനും നടക്കുന്നവർ ഈ ചിത്രം ഒന്ന് കാണണമെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു.

അതിനിടെ, കൊല്ലപ്പെട്ട ശ്യാംലാലിന്‍റേയും കൃപേഷിന്‍റേയും ഇൻക്വസ്റ്റ് റിപ്പോർട്ടും പുറത്തുവന്നു. കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഉണ്ടാക്കിയ മുറിവുകളാണ് ഇരുവരുടേയും മരണകാരണം എന്നാണ് റിപ്പോർട്ട്. ശരത് ലാലിന് കഴുത്തിന്‍റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. ഇരുകാലുകളിലുമായി അഞ്ച് വെട്ടുകളും ശരത്‍ലാലിന് ഏറ്റിട്ടുണ്ട്. അസ്ഥിയും മാംസവും തമ്മിൽ കൂടിക്കലർന്ന രീതിയിൽ മാരകമായ മുറിവുകളാണ് കാലുകളിൽ.  

കൃപേഷിന്‍റെ നെറ്റിയുടെ തൊട്ടുമുകളിൽ മൂർദ്ധാവിൽ ആഴത്തിലുള്ള ഒറ്റ വെട്ടാണ് ഏറ്റിരിക്കുന്നത്. 11 സെന്‍റീമീറ്റർ നീളത്തിലും രണ്ട് സെന്‍റീമീറ്റർ ആഴത്തിലുമുള്ള വെട്ടേറ്റ് തലയോട് തകർന്ന് സംഭവസ്ഥലത്തുതന്നെ കൃപേഷ് മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോരുന്നതിനിടെയാണ് ശരത്‍ലാൽ മരിച്ചത്. കൊടുവാൾ പോലെയുള്ള ആയുധം ഉപയോഗിച്ചാണ് ഇരുവരേയും വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടം പൂർത്തിയായതിന് ശേഷം ശ്യാംലാലിന്‍റേയും കൃപേഷിന്‍റേയും മൃതദേഹങ്ങൾ പരിയയിലെ കോൺഗ്രസ് ഓഫീസിലേക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും. വൈകുന്നേരത്തോടെ ഇരുവരുടേയും വീട്ടുവളപ്പിൽ സംസ്കാരം നടത്താനാണ് തീരുമാനം.

അതേസമയം കൊലപാതകങ്ങൾ രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകർ ആണെന്നുമാണ് പ്രഥമാന്വേഷണ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.