”ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയെയും സിപിഎം അരിഞ്ഞു വീഴ്ത്തി”

single-img
18 February 2019

അച്ഛനും അമ്മയും സഹോദരിമാരുമുള്ള ഒരു ദരിദ്ര കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ഇന്നലെ കാസർകോട് കൊല്ലപ്പെട്ട 19 കാരനായ കൃപേഷ്. ഓലയും ടാര്‍പോളിനുമൊക്കെ വലിച്ചുകെട്ടി ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന അവസ്ഥയിലുള്ള വീട്. എന്നിട്ടും ഒരു ദരിദ്രകുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്ന ഈ ചെറുപ്പാക്കാരനെ രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ കൊലയാളികള്‍ വെറുതെവിട്ടില്ല.

ഞായറാഴ്ച എട്ടരയോടെയാണ് കൃപേഷിനെയും സുഹൃത്ത് ശരത് ലാലിനെയും കൊലയാളികള്‍ വകവരുത്തിയത്. തെയ്യത്തിന്റെ സംഘടക സമിതി യോഗത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. വെട്ടേറ്റ് കൃപേഷിന്റെ തല രണ്ടായി പിളര്‍ന്നു. രക്ഷപെടാന്‍ ശ്രമിച്ച ശരത് ലാലിനെ അക്രമി സംഘം പിന്തുടര്‍ന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. കൃപേഷ് സംഭവ സ്ഥലത്തും ശരത് ആശുപത്രിയിലേക്കുള്ള യാത്രമധ്യേയുമാണ് മരിച്ചത്.

സിപിഎമ്മുകാർ ആക്രമിക്കുമെന്ന് മകന് മുന്നറിയിപ്പ് നൽകിയിരുന്നതായി കൃപേഷിന്‍റെ അച്ഛൻ പറഞ്ഞു. ”നിർധന കുടുംബമാണ് തന്‍റേത്. ഇങ്ങനെയൊരു സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നറിയില്ല. ആകെ ആശ്രയം ഏക മകനായിരുന്നു. രാഷ്ട്രീയസംഘർഷങ്ങളിൽ അവന്‍റെ പഠിത്തവും മുടങ്ങി.

നേരത്തേ സിപിഎമ്മുകാരുമായി രാഷ്ട്രീയതർക്കവും സംഘർഷവുമുണ്ടായിരുന്നു. സിപിഎമ്മിന്‍റെ ലോക്കൽ കമ്മിറ്റി അംഗവുമായി സംഘർഷമുണ്ടായിരുന്നു. ഇനി പ്രശ്നങ്ങളിൽ പെട്ടാൽ വീട്ടിലേക്ക് കയറരുതെന്ന് പറഞ്ഞതാണ്. സിപിഎമ്മുകാർ കൊല്ലുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇനി എന്ത് ചെയ്യണമെന്നറിയില്ല.” കൃപേഷിന്‍റെ അച്ഛൻ വ്യക്തമാക്കി.

അതേസമയം ഓലമേഞ്ഞ ഒറ്റമുറി കുടിലിലെ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയെയും വാള്‍ തലപ്പ് കൊണ്ട് സി പി എം അരിഞ്ഞു കളയുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട്ട് വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം…

കാസര്‍ഗോഡ് സിപിഎമ്മിന്റെ അരുംകൊലയില്‍ ജീവന്‍ നഷ്ടമായ കൃപേഷിന്റെ വീട്ടിലെത്തി. വീടെന്നു പറഞ്ഞാല്‍ ഓലമേഞ്ഞ കുടില്‍. ഈ ഒറ്റമുറി കുടിലിലാണ് അടുക്കളയും കിടപ്പുമുറിയും എല്ലാം. പെയിന്റിങ് തൊഴിലാളി ആയ അച്ഛന്‍ കൃഷ്ണന്‍ കുനിഞ്ഞിരുന്നു കരയുകയാണ്. അമ്മ ബാലാമണിയും രണ്ട് സഹോദരിമാരും നാട്ടുകാരും പകച്ചു നില്‍ക്കുകയാണ്. ഈ കൊച്ചുകുടുംബത്തിന്റെ എല്ലാപ്രതീക്ഷയേയും വാള്‍ തലപ്പ് കൊണ്ട് സിപിഎം അരിഞ്ഞു വീഴ്ത്തുകയായിരുന്നു.

ഈ കുടുംബത്തെ സംരക്ഷിക്കേണ്ടതും ചേര്‍ത്തുപിടിക്കേണ്ടതും എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്. കൊലയാളി പാര്‍ട്ടിയായ സിപിഎം കേരളത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. അരപ്പട്ടിണിക്കാരായ ഈ തൊഴിലാളി കുടുംബത്തെ മുഴുപ്പട്ടിണിയിലേക്ക് തള്ളിയിടുകയാണ് സിപിഎം ചെയ്തത്.

#CPMTerror 
#StopMurderPolitics