പ്രതികളെ ആരെയും രക്ഷപ്പെടാൻ അനുവദിക്കരുത്‌: കോടിയേരി ബാലകൃഷ്ണന്‍

single-img
18 February 2019

കാസർകോട്ടെ കൊലപാതകം അത്യന്തം അപലപനീയമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. എന്തെല്ലാം പ്രകോപനമുണ്ടായാലും നടക്കാൻ പാടില്ലാത്ത സംഭവമാണ് കാസര്‍കോട് നടന്നത്. സിപിഎം പ്രവര്‍ത്തകര്‍ മുൻകയ്യെടുത്ത് അക്രമസംഭവങ്ങളിൽ നടത്തരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി പരസ്യമായി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

സിപിഎമ്മിന്റെ ഭാഗമായി ആരെങ്കിലും ഇത്തരത്തിലുള്ള അക്രമം നടത്തിയാൽ അതിൻറെ പേരിൽ പ്രസ്ഥാനമാണ് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരിക. അത്തരം കാര്യങ്ങൾ മനസ്സിലാക്കാതെ ആരെങ്കിലും ചെയ്യുന്ന സംഭവങ്ങളൊന്നും പാർട്ടി ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ല. സംഭവവുമായി ബന്ധമുള്ളവരെ പാർട്ടി ഒരുതരത്തിലും സഹായിക്കില്ല. അവരെ പാർട്ടിയിൽ വച്ചുപൊറുപ്പിക്കില്ല. ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രതികൾക്കെതിരെ പൊലീസ്‌ ശക്തമായ നിയമ നടപടിയെടുക്കണം. പാർട്ടിയുമായി ബന്ധമുള്ളവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർ സിപിഐഎമ്മിന്റെ രാഷ്‌ട്രീയ നിലപാട്‌ അംഗീകരിക്കുന്നവരല്ല. അവർ സിപിഐഎമ്മിന്റെ രാഷ്‌ട്രീയം ഉൾക്കൊള്ളാൻ കഴിയുന്നവരല്ല.

പ്രതികളെ ആരെയും രക്ഷപ്പെടാൻ അനുവദിക്കരുത്‌. പ്രാദേശിക നേതൃത്വത്തിന്‌ പങ്കുണ്ടെങ്കിൽ അതും കണ്ടെത്തണം. അവരെ പ്രതി ചേർത്ത്‌ നടപടി സ്വീകരിക്കണം. പാർടിയിൽ ഉള്ളവർ പാർടി നിലപാടിന്‌ വിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അവരെയും കണ്ടെത്തും. ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.