യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍: കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണയാത്ര മാറ്റി

single-img
18 February 2019

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന കേരള സംരക്ഷണയാത്രയുടെ ഇന്നത്തെ പര്യടനം മാറ്റിവെച്ചു. കൊലപാതകത്തിന് പിന്നിൽ സി പി എമ്മാണ് എന്ന് കോൺഗ്രസ് നേതാക്കൾ ഇന്നലെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേരള സംരക്ഷണയാത്രക്കു നേരെ പ്രതിഷേധം ഉണ്ടാകുമെന്നു ഭയന്നാണ് ഇന്നത്തെ പര്യടനം മാറ്റിവെച്ചത് എന്നാണ് ലഭിക്കുന്ന സൂചന.

കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നത്തെ പൊതുപരിപാടികളും മാറ്റിവച്ചു. തൃശ്ശൂരിലെ അഞ്ച് പരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കേണ്ടിയിരുന്നത്. മുഖ്യമന്ത്രിക്ക് നേരെ വലിയ തോതിലുള്ള പ്രതിഷേധ പരിപാടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷാ കാരണങ്ങൾ മുൻ നിർത്തി പരിപാടികൾ റദ്ദാക്കിയത്.

ഇന്നലെ രാത്രിയാണ് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ് (19), ശരത് ലാൽ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടരയോടെയായിരുന്നു അക്രമം. മൂന്നംഗ സംഘ‌ം കൃപേഷിനെയും ശരത്തിനെയും ബൈക്കിൽ പിന്തുടർന്ന് അടിച്ചുവീഴ്ത്തിയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നു മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്.