കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിന് ബി.ജെ.പി പുറത്താക്കിയ കീര്‍ത്തി ആസാദ് എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
18 February 2019

ബിജെപി പുറത്താക്കിയ എം പിയും മുന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. എ.ഐ.സി.സി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് കീര്‍ത്തി ആസാദ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

ബിഹാറിലെ ദര്‍ഭംഗയില്‍ നിന്നുള്ള എം പിയാണ് ആസാദ്. വെള്ളിയാഴ്ചയായിരുന്നു കോണ്‍ഗ്രസില്‍ ചേരാന്‍ ബിജെപി വിമത നേതാവായ ആസാദ് തീരുമാനിച്ചിരുന്നത്. എന്നാല്‍, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ബിജെപി നേതൃത്വത്തിനെതിരെ പലതവണ രംഗത്തു വരികയും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തതിനാണ് 2015ല്‍ ആസാദിനെ ബിജെപിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പുറത്താക്കല്‍.