കാസർഗോഡ് ഇരട്ടക്കൊലപാതകം: രണ്ടു പേർ കസ്റ്റഡിയിൽ എന്ന് സൂചന

single-img
18 February 2019

പെരിയകല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേര്‍ പോലീസ് കസ്റ്റഡിയിലെന്നു സൂചന. ഇവർ സഞ്ചരിച്ച രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് ഉന്നതപോലീസ് വൃത്തങ്ങൾ അറിയിച്ചു.

അതേസമയം കേസിലെ പ്രതികളെ പിടികൂടാൻ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ കർണാടക പോലീസിന്‍റെ സഹായം ആവശ്യപ്പെട്ടു. എല്ലാ സഹായങ്ങളും കർണാടകം വാഗ്ദാനം ചെയ്തെന്നാണ് സൂചന.

കാസർകോട്ടേത് രാഷ്ട്രീയ കൊലപാതകങ്ങൾ ആണെന്നും പിന്നിൽ സിപിഎം പ്രവർത്തകരാണെന്നുമാണ് പൊലീസിന്‍റെ പ്രഥമാന്വേഷണ റിപ്പോർട്ട്. സിപിഎം പ്രാദേശിക നേതാവിനെ ആക്രമിച്ചതിൽ ഉള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണം. ലോക്കൽ കമ്മിറ്റി അംഗത്തെ ആക്രമിച്ച കേസിൽ ശരത്‍ലാൽ ഒന്നാം പ്രതിയും കൃപേഷ് ആറാം പ്രതിയും ആയിരുന്നു. ഇരുവർക്കും നേരത്തേ ഭീഷണിയുണ്ടായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നു.

ഇന്നലെ രാത്രിയാണ് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ് (19), ശരത് ലാൽ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. രാത്രി എട്ടരയോടെയായിരുന്നു അക്രമം. മൂന്നംഗ സംഘ‌ം കൃപേഷിനെയും ശരത്തിനെയും ബൈക്കിൽ പിന്തുടർന്ന് അടിച്ചുവീഴ്ത്തിയ ശേഷം അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ശരത് ലാലിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നു മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയാണ് മരിച്ചത്. കൃപേഷിന്റെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു.