യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി കേസെടുത്തു; അസാധാരണം

single-img
18 February 2019

മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്നു യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുൻകൂർ നോട്ടിസ് നൽകാതെ ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നു കോടതി പറഞ്ഞു. കേസ് ഇന്ന് രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

അതേസമയം ചേംബര്‍ ഓഫ് കൊമേഴ്‌സും തൃശൂരിലെ മലയാളവേദിയും ഡീന്‍ കുര്യാക്കോസിനെതിരെ ഇന്ന് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യും. ജനുവരി മൂന്നാം തീയതി നടന്ന ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചു കൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് ഇറക്കിയത്. ഈ ഉത്തരവ് പ്രകാരം ഏഴുദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ ഹര്‍ത്താലിന് ആഹ്വാനം നല്‍കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

എന്നാല്‍ പെരിയയില്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഞായറാഴ്ച രാത്രി വെട്ടി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡീന്‍ കുര്യക്കോസ് ഹര്‍ത്താലാഹ്വാനം നടത്തിയത്.

ഡീന്‍ കുര്യക്കോസ് കോടതി ഉത്തരവ് ലംഘിച്ചു എന്ന് കാണിച്ച് ചേംബര്‍ ഓഫ് കൊമേഴ്‌സും മലയാളവേദിയുമാണ് കോടതിയലക്ഷ്യഹര്‍ജി സമര്‍പിക്കുന്നത്. മിന്നല്‍ ഹര്‍ത്താലുകള്‍ക്കെതിരെ കോടതിയെ സമീപിച്ച കക്ഷികളാണ് ഇവര്‍. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന് മുമ്പിലാണ് കോടതിയലക്ഷ്യഹര്‍ജി നല്‍കുന്നത്.