മിന്നൽ ഹർത്താൽ ക്രിമിനല്‍ കുറ്റമെന്ന് ഹൈക്കോടതി; ഡീന്‍ കുര്യക്കോസിനെതിരെ സ്വമേധയാ കേസെടുത്തു; നേരിടുമെന്ന് യൂത്ത് കോൺഗ്രസ്

single-img
18 February 2019

മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് ക്രിമിനല്‍ കുറ്റമെന്ന് ചീഫ് ജസ്റ്റിസ്. നിയമം ലംഘിക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടിവരും. ആരെങ്കിലും ഹര്‍ത്താലിനാഹ്വാനം ചെയ്താല്‍ സര്‍ക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തരുതെന്നും വിദ്യാര്‍ഥികളടക്കം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ന്യായീകരണമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്തത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസില്‍ നിന്ന് അഡ്വക്കേറ്റ് ജനറലിനോട് രാവിലെ തന്നെ ഹൈക്കോടതിയില്‍ ഹാജരാകാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിരുന്നതായി സൂചനയുണ്ട്.

അര്‍ധരാത്രിയ്ക്ക് ശേഷം ഹര്‍ത്താലിന് ആഹ്വാനം നല്‍കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ച് ചേംബര്‍ ഓഫ് കൊമേഴ്‌സും മറ്റു സംഘടനകളും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ച് ഇടക്കാല ഉത്തരവിറക്കിയത്. ഇത് കണക്കിലെടുക്കാതെ ഞായറാഴ്ച അര്ധരാത്രിയ്ക്ക് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യക്കോസ് ഫേസ്ബുക്കിലൂടെ ഹര്‍ത്താലിന് ആഹ്വാനം നല്‍കുകയായിരുന്നു.

അതിനിടെ, സിപിഎം സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യക്കോസ് പ്രതികരിച്ചു . സിപിഎമ്മിന്റെ എതിരാളികളായത് കൊണ്ടു മാത്രമാണ് കാസര്‍കോട് രണ്ട് പേര്‍ക്ക് ജീവൻ നഷ്ടമായതെന്ന് ഡീൻ കുര്യക്കോസ് പറഞ്ഞു. സ്വാഭാവിക പ്രതിഷേധമെന്ന നിലയിലാണ് ഹര്‍ത്താൽ ആഹ്വാനം ചെയ്തത്. എവിടെയും അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പ്രവര്‍ത്തകര്‍ സംയമനം വിട്ട് പെരുമാറിയിട്ടുണ്ടെങ്കിൽ അത് നിയന്ത്രിക്കാൻ യൂത്ത് കോൺഗ്രസിന് സംവിധാനം ഉണ്ടെന്നും ഡീൻ കുര്യക്കോസ് പറഞ്ഞു. 

ജനവികാരവും പ്രവര്‍ത്തകരുടെ വികാരവും ഉൾക്കൊള്ളേണ്ട ബാധ്യത ഉണ്ടെന്നും അത് ഉൾക്കൊണ്ടാണ് ഹര്‍ത്താൽ പ്രഖ്യാപിച്ചതെന്നും ഡീൻ കുര്യക്കോസ് വിശദീകരിച്ചു . മിന്നൽ ഹര്‍ത്താലിന്റെ പേരിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി നടപടിയെ മാനിക്കുന്നു. ഇതിനെ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ തന്നെ നേരിടുമെന്നും ഡീൻ കുര്യക്കോസ് അറിയിച്ചു