ട്വിറ്ററിൽ ട്രെന്റിംഗായി “സിപിഎം ഭീകരത”

single-img
18 February 2019

കഴിഞ്ഞ പതിനാലാം തിയതിമുതല്‍ ട്വിറ്ററിലും ഗൂഗിളിലും ട്രന്‍റിംഗായി നിന്നിരുന്നത് പുല്‍വാമ അക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു. രാജ്യത്തെ അര്‍ദ്ധ സൈനീക വിഭാഗത്തിന് നേരെയുണ്ടായ അക്രമണം രാജ്യാന്തര തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായി. ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്ക്ക് പിന്തുണയുമായെത്തി.

എന്നാല്‍ ഇപ്പോള്‍ ട്വിറ്ററില്‍ ‘ സിപിഎം ടെറ൪ ‘ ആണ് മുന്നിൽ നിൽക്കുന്നത്. കാസര്‍കോട് ഇന്നലെ വൈകീട്ട് നടന്ന ഇരട്ടകൊലപാതകം വാര്‍ത്തയായതോടെ ട്വിറ്ററില്‍ ട്രന്‍റിംഗ് മാറുകയായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ ഉണ്ടായ ഇരട്ടക്കൊലപാതകം ഏറെ നടുക്കമാണുണ്ടാക്കിയിരിക്കുന്നത്.

ഞായറാഴ്ച രാത്രി എട്ടരയോടെയാണ് തന്നിത്തോട് കൂരാങ്കര റോഡില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടതായി വിവരം ലഭിക്കുന്നത്. കല്യോട്ട് ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ സംഗമത്തിന് ശേഷം ക്ഷേത്രത്തിലും ടൗണിലും വിശ്രമിച്ചവരെല്ലാം തന്നെ അക്രമം നടന്ന സ്ഥലത്തേക്ക് ഓടി.

കിട്ടിയ വാഹനങ്ങളില്‍ കൂരാങ്കര റോഡിലെത്തിയവര്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. വൈകിട്ട് വരെ ക്ഷേത്രത്തില്‍ വളണ്ടിയര്‍മാരായിരുന്ന യുവാക്കളെയാണ് വെട്ട് കൊണ്ട് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരില്‍ കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഓടിയെത്തിയവര്‍ തന്നെയാണ് പോലീസിന്റെ സഹായത്തോടെ പരിക്കേറ്റ ശരത്‌ലാലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.ഡി.എഫ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അക്രമണത്തിലൂടെ ഭയപ്പെടുത്തി ഇല്ലാതാക്കാനാണ് സി.പിഎമ്മിന്റെ ശ്രമമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമദിദ്ദീന്‍ പറഞ്ഞു. ഇതിനെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംയമനത്തോടു കൂടി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ജില്ലയില്‍ നടന്ന അക്രമവുമായി സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സി.പിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പറഞ്ഞു.