National

മകളെ തട്ടിക്കൊണ്ടുപോയത് ബി.ജെ.പി നേതാവ് തന്നെ‍; നടന്നത് നാടകീയ സംഭവങ്ങള്‍

പശ്ചിമബംഗാളിലെ ബീര്‍ഭൂമില്‍ ബി ജെ പി പ്രാദേശിക നേതാവിന്റെ മകളെ അജ്ഞാതസംഘം തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത പുറത്തെത്തിയത് കഴിഞ്ഞദിവസമാണ്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് കുറച്ചുമാസം മുമ്പ് ബി ജെ പിയില്‍ ചേര്‍ന്ന സുപ്രഭാത് ബത്യബാലിന്റെ മകളെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ആരോപിച്ച് കഴിഞ്ഞ മൂന്നു ദിവസമായി റോഡ് ഉപരോധമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുകയായിരുന്നു ബി.ജെ.പി‍. ഇതിനിടെ, പ്രതിഷേധക്കാര്‍ കാര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് തൃണമൂല്‍ എം.എല്‍.എ മുനീറുല്‍ ഇസ്‌ലാം പൊലീസ് സ്റ്റേഷനില്‍ അഭയം തേടുക വരെയുണ്ടായി.

എന്നാല്‍ ബി.ജെ.പി നേതാവിനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും പെണ്‍കുട്ടി എവിടെയാണെന്ന വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉത്തര്‍ ദിനാജ്പൂരില്‍ നിന്ന് പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. ഉത്തര്‍ ദിനാജ്പുര്‍ പോലീസിന്റെയും ബീര്‍ഭൂമില്‍നിന്നുള്ള പോലീസ് സംഘവും സംയുക്തമായാണ് ദല്‍ഖോല റെയില്‍വേ സ്‌റ്റേഷനു പരിസരത്തുനിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഇതോടെ പോലീസ് ബി.ജെ.പി പ്രാദേശിക നേതാവ് കൂടിയായ സുപ്രഭാത് ഭട്യാപാലിനെയും രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തന്റെ പരിചയക്കാരായ രാജു സര്‍ക്കാര്‍, ദീപക് മണ്ഡല്‍ എന്നിവരെ ഉപയോഗിച്ചായിരുന്നു സുപ്രഭാത് തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തിയത്.

എന്നാല്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. കുടുംബ വഴക്ക് മൂലമോ, രാഷ്ട്രീയ മൈലേജ് കിട്ടുന്നതിനോ വേണ്ടിയാകാം ഇങ്ങനെ ചെയ്തതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.