പാക് സൂപ്പര്‍ ലീഗും കാണില്ല: പിഎസ്എല്‍ സംപ്രേഷണം ഇന്ത്യയില്‍ നിര്‍ത്തലാക്കി

single-img
17 February 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പി.സി.എല്‍) മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുന്നത് ഒഴിവാക്കി. ലീഗിന്റെ ഔദ്യോഗിക സംപ്രേക്ഷകരായ ഡി സ്‌പോര്‍ട്‌സാണ് മത്സരങ്ങളുടെ സംപ്രേഷണം നിര്‍ത്തിവെക്കുന്നതായി അറിയിച്ചത്.

പുല്‍വാമ ഭീകരാക്രമണം ഉണ്ടായ വ്യാഴാഴ്ചയാണ് ദുബായില്‍ വര്‍ണാഭമായ ആഘോഷങ്ങളോടെ പിഎസ്എലിന്റെ നാലാം പതിപ്പ് ആരംഭിച്ചത്. ലീഗിന്റെ രണ്ടാമത്തെ ദിവസം മുതല്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിക്കാന്‍ ഡി സ്‌പോര്‍ട്‌സ് തീരുമാനിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാല്‍ സാധിച്ചില്ല. എന്നാല്‍ ശനിയാഴ്ച രാത്രി 9.30 ന് അഞ്ചാം മത്സരം മുതല്‍ ഇന്ത്യയിലെ സംപ്രേഷണം അവസാനിപ്പിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നേകാലോടെ ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 സൈനികരാണ് വീരമൃത്യു വരിച്ചത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്.