തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് ഖാസിമിക്കായി പോലീസ് ബെംഗളുരുവില്‍ തെരച്ചില്‍ തുടങ്ങി; സഹോദരന്മാരെ കസ്റ്റഡിയിലെടുത്തു

single-img
17 February 2019

തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ കണ്ടെത്താന്‍ പൊലീസ് സംഘം ബെംഗളൂരുവിലേക്ക് തിരിച്ചു. ഇമാമിന്റെ സഹോദരന്‍ അല്‍ അമീനേയും പൊലീസ് കൂടെ കൊണ്ടുപോയി. ഖാസിമി ബെംഗളൂരുവിലേക്ക് കടന്നത് പൊലീസ് കേസെടുത്തതിനു പിന്നാലെയാണ്. ഖാസിമിയുടെ മറ്റൊരു സഹോദരന്‍ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും ഒളിവിലാണ്.

നൗഷാദിനെ കണ്ടെത്താന്‍ നെടുമങ്ങാട് ഡിവൈഎസ്പിക്കു കീഴിലുള്ള അന്വേഷണ സംഘം എറണാകുളത്ത് തെരച്ചില്‍ തുടരുകയാണ്. ഷെഫീഖ് അല്‍ ഖാസിമി ബെംഗളൂരുവിലേക്ക് കടന്നെന്നും ഇല്ലെന്നും കാണിച്ച് പരസ്പര വിരുദ്ധമായ മൊഴികളാണ് കസ്റ്റഡിയിലുള്ള സഹോദരങ്ങള്‍ നല്‍കിയിരുന്നത്.

തൃപ്പൂണിത്തുറയില്‍ കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത അല്‍ അമീന്‍ എന്ന സഹോദരന്‍ പറഞ്ഞത് രണ്ട് ദിവസം മുന്‍പ് ബെംഗളൂരുവിലേക്ക് കടന്നൂവെന്നാണ്. എന്നാല്‍ ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത അന്‍സാരി, ഷാജി എന്നീ സഹോദരങ്ങള്‍ പറയുന്നത് കേരളം വിട്ടിട്ടില്ലെന്നും എറണാകുളത്തുണ്ടെന്നുമാണ്.

ഇവര്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഇന്നോവ കാര്‍ പെരുമ്പാവൂരില്‍ ഉപേക്ഷിച്ചെന്നായിരുന്നു ഇവരുടെ മൊഴി. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വാഹനം കണ്ടെത്തിയില്ല. ഒടുവില്‍ വെററില മൊബിലിറ്റി ഹബ്ബിലെ പാര്‍ക്കിംഗ് സ്ഥലത്തുനിന്നാണ് വാഹനം കണ്ടെത്തിയത്.

അതിനാല്‍ മൊഴിയിലെ കള്ളത്തരം പൊളിക്കാനായി നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യുകയാണ്. അതേസമയം മറ്റൊരു സഹോദരനായ പെരുമ്പാവൂര്‍ സ്വദേശി നൗഷാദും ഒളിവിലാണെന്ന് കണ്ടതോടെ ഇയാളോടൊപ്പമാവും മുന്‍ ഇമാം രക്ഷപെട്ടതെന്ന വിലയിരുത്തലിലാണ് പോലീസ്. സമ്മര്‍ദ്ദം ശക്തമായതോടെ കോടതിയിലോ, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലോ ഇമാം വൈകാതെ കീഴടങ്ങാനുള്ള സാധ്യതയുമുണ്ട്.