തന്നോട് ആരും വഴങ്ങികൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല: തന്റെ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്: തുറന്നു പറഞ്ഞ് റിമാ കല്ലിങ്കല്‍

single-img
17 February 2019

മലയാള സിനിമാ വ്യവസായത്തില്‍ വര്‍ധിച്ചു വരുന്ന സ്ത്രീ വിരുദ്ധതയില്‍ വനിത സിനിമ പ്രവര്‍ത്തകര്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി. ബിനാലെ ഫൗണ്ടേഷന്റെ പരിപാടികളായ ലെറ്റ്‌സ് ടോക്ക് സംഭാഷണ പരിപാടിയിലും ആര്‍ട്ടിസ്റ്റ് സിനിമ പ്രദര്‍ശനത്തിനു മുന്നോടിയായി നടന്ന ചര്‍ച്ചയിലുമാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഈ ആശങ്ക പ്രകടിപ്പിച്ചത്. ഫോര്‍ട്ട്‌കൊച്ചി കബ്രാള്‍ യാര്‍ഡിലെ പവലിയനിലായിരുന്നു രണ്ടു പരിപാടികളും.

സിനിമാ ജീവിതത്തിനിടയില്‍ മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് നടിയും ഡബ്ല്യു.സി.സി അംഗവുമായ റിമാ കല്ലിങ്കല്‍ ചര്‍ച്ചയില്‍ പറഞ്ഞു. തന്നോട് ആരും വഴങ്ങികൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ തന്റെ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പിന്നീടാണ് ആ ചട്ടകൂട്ടില്‍ നിന്ന് പുറത്ത് വരേണ്ടതിനെ കുറിച്ച് ആലോചിച്ചതെന്നും റിമ പറഞ്ഞു.

”എന്നോട് ആരും ഏതെങ്കിലും തരത്തിലുള്ള വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എന്റെ എട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാര്‍ത്ഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണമെന്ന്”, റിമ പറഞ്ഞു. അന്നത്തെ ആ സംഭവത്തിന്റെ ഞെട്ടല്‍ മാറാന്‍ ഏറെ ദിവസം കഴിഞ്ഞെന്നും പിന്നീടാണ് സംസാരിക്കാന്‍ സ്ഥലമുണ്ടെന്നും നിര്‍ബന്ധമായി ഉപയോഗിക്കുക തന്നെ വേണമെന്നും തിരിച്ചറിയുന്നതെന്നും റിമ പറഞ്ഞു.