പാലക്കാട് നാലു വയസുകാരിയെ പീഡിപ്പിച്ചു കൊന്നത് ഭിക്ഷാടന മാഫിയ

single-img
17 February 2019

ഒലവക്കോട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത്, കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാലുവയസ്സുകാരിയെ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ ഭിക്ഷാടകസംഘം. സംഭവത്തില്‍ അഞ്ചുപ്രതികളില്‍ രണ്ടുപേര്‍ അറസ്റ്റിലായി. തമിഴ്‌നാട് തിരുവള്ളുവര്‍, പടിയനല്ലൂര്‍ സ്വദേശി സുരേഷ് (37), തഞ്ചാവൂര്‍ പട്ടുകോട്ടൈ, മല്ലിപട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം പതിനഞ്ചിനാണ് ഒലവക്കോട് റയില്‍വേ സ്റ്റേഷന് സമീപം നാലു വയസുകാരിയുടെ മൃതദേഹം കണ്ടത്. സംഭവത്തിന് പിന്നില്‍ ഭിക്ഷാടന സംഘമാണെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നുമാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ജനുവരി ആദ്യ വാരമാണ് തമിഴ്‌നാട്ടില്‍ നിന്നും തട്ടിയെടുത്ത നാലുവയസുകാരിയുമായി രണ്ടു പുരുഷന്‍മാരും മൂന്ന് സ്ത്രീകളും അടങ്ങുന്ന സംഘം പാലക്കാട് എത്തിയത്. ഒരാഴ്ച്ചയോളം സംഘം ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷാടനം നടത്തി.

ജനുവരി 12 ന് രാത്രി സംഘത്തിലുണ്ടായിരുന്ന രണ്ട് പുരുഷന്‍മാര്‍ ചേര്‍ന്ന് ബാലികയെ ലൈംഗികമായി പീഡിപ്പിച്ചു. നിലവിളിച്ച പെണ്‍കുട്ടിയെ ഇരുവരും ശ്വാസം മുട്ടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കുട്ടി ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി പ്രതികള്‍ മരണം ഉറപ്പ് വരുത്തി.

ശബ്ദം കേട്ട് ഉണര്‍ന്ന സംഘത്തിലെ മറ്റുള്ളവരും ചേര്‍ന്ന് മൃതദേഹം അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കിനരുകില്‍ ഉപേക്ഷിച്ചു. മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തുന്നത്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ട് പോകല്‍, ബലാല്‍സംഘം, കൊലപാതകം, പോക്‌സോ എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയില്‍ വാങ്ങും. പിടിയിലായ സുരേഷ് നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയാണ്. സംഘത്തിലെ മറ്റുള്ളവരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കുട്ടിയെ ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.