കോൺഗ്രസ് പാർട്ടിയിലെ വനിതകൾക്കു പ്രസിഡൻ്റിൻ്റെ പരിഹാസം; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വനിതകൾ ആദ്യം കഴിവ് തെളിയിക്കണമെന്ന് മുല്ലപ്പള്ളി

single-img
17 February 2019

കോൺഗ്രസ് പാർട്ടിയിലെ വനിതകൾ കഴിവില്ലാത്തവരാണെന്ന് പറയാതെ പറഞ്ഞു  കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഒരു വനിതാ സ്ഥാനാര്‍ത്ഥിക്കെങ്കിലും ഉറച്ച മണ്ഡലം നല്‍കണമെന്ന മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം ഇത്തവണയും  തള്ളിക്കൊണ്ടാണ് കെപിസിസി അധ്യക്ഷൻ രംഗത്തെത്തിയത്.

വനിതകള്‍ ആദ്യം കഴിവ് തെളിയിക്കട്ടെയെന്ന് മുല്ലപ്പള്ളി പറഞ്ഞു. ഒരു മണ്ഡലത്തില്‍ സ്ത്രീ സ്ഥാനാര്‍ത്ഥി ആവശ്യമെങ്കില്‍ സീറ്റ് നല്‍കും. ഒന്നിലധികം മണ്ഡലങ്ങളില്‍ ഈ സാഹചര്യമുണ്ടായാലും പരിഗണിക്കുമെന്നും മീഡിയവണ്‍ വ്യൂ പോയിന്റ് പരിപാടിയില്‍ മുല്ലപ്പള്ളി പറഞ്ഞു.

ഇത്തവണ തോല്‍ക്കുന്ന സീറ്റ് തന്ന് മഹിളാ പ്രാതിനിധ്യം പേരിന് ഉറപ്പാക്കുന്ന പരിപാടി അവസാനിപ്പിക്കണമെന്നായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം. ഇതിന് മറുപടി നല്‍കുകയായിരുന്നു മുല്ലപ്പള്ളി. കഴിവ് തെളിയിച്ചവരാകണം  മത്സരിക്കാൻ വരേണ്ടതെന്നും  മുല്ലപ്പള്ളി പറഞ്ഞു.  മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് നല്‍കില്ലെന്ന സൂചനയും മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കി.

കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇക്കാര്യങ്ങളില്‍ ലീഗ് നേതാക്കള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടാണുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുല്ലപ്പള്ളിയുടെ  സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയ രംഗത്തെത്തി. വനിതകളോട് കഴിവു തെളിയിക്കുവാൻ പറയുമ്പോൾ അത് എങ്ങനെ  കഴിവ് തെളിയിക്കണമെന്നാണ് മുല്ലപ്പള്ളി ഉദ്ദേശിക്കുന്നതെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. കോൺഗ്രസിൽ ഇപ്പോഴുള്ള വനിതാ നേതാക്കളിൽ ഭൂരിപക്ഷവും രാഷ്ട്രീയപരമായി കഴിവുള്ളവനാണെന്ന് അങ്ങനെയുള്ളവരെ അപമാനിക്കരുതെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നുണ്ട്.

വടകരയില്‍ ആര്‍.എം.പി നേതാവ് കെ.കെ രമയെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന റിപ്പോര്‍ട്ട് മുല്ലപ്പള്ളി തള്ളി. രമയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ല. വടകരയില്‍ പൊതുസ്ഥാനാര്‍ത്ഥിയെന്ന ആലോചന യുഡിഎഫില്‍ ഇല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.