കേരളത്തില്‍ ചക്കയുടെ സീസണ്‍ തുടങ്ങിയതോടെ പ്രമേഹത്തിനുള്ള മരുന്നിന്റെ വില്‍പ്പന 25 ശതമാനം കുറഞ്ഞു

single-img
17 February 2019

പറമ്പിലും തൊടിയിലും പഴുത്ത് വീണ് കിടക്കുന്ന ചക്കയും കുരുവും ഒരു കാലത്ത് കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലെ നിത്യ കാഴ്ച്ചയായിരുന്നെങ്കില്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുകയാണ്. ചക്കയുടെ ഗുണം പുതുതലമുറ തിരിച്ചറിഞ്ഞതോടെ ഇപ്പോള്‍ ചക്കയാണ് വിപണിയിലെ താരം.

സംസ്ഥാന ഫലമെന്ന തലയെടുപ്പും കൂടിയായതോടെ ആര്‍ക്കും വേണ്ടാതിരുന്ന ചക്കക്ക് വിപണിയില്‍ പൊള്ളുന്ന വിലയായിരിക്കുകയാണ്. ഇടത്തരം വലിപ്പമുള്ള ഒരു ചക്കക്ക് 150 രൂപ മുതല്‍ 200 രൂപ വരെയാണ് വില. വലിപ്പം കൂടുന്നതനുസരിച്ച് വില കൂടും.

മുമ്പ് പ്രധാന പട്ടണങ്ങളില്‍ വഴിയോര കച്ചവടമായിട്ടാണ് ചക്ക വിറ്റിരുന്നതെങ്കില്‍ ഇന്ന് ഗ്രാമീണ മേഖലകളിലെ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചക്ക വില്‍പ്പന ചരക്കായി സ്ഥാനം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 50 മുതല്‍ 100 രൂപ വരെ വിലയുണ്ടായിരുന്ന ചക്കയുടെ വില ഇരട്ടിയായി ഉയര്‍ന്നത് കര്‍ഷകര്‍ക്കും നേട്ടമായിരിക്കുകയാണ്.

അതേസമയം ചക്കയുടെ സീസണില്‍ കേരളത്തില്‍ പ്രമേഹത്തിനുള്ള മരുന്നിന്റെ വില്‍പ്പന കുറഞ്ഞത് 25 ശതമാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണത്തില്‍ ചക്കയുടെ ഉപയോഗം കൂടുകയും ചോറിന്റെ അളവ് കുറയുകയും ചെയ്തതോടെയാണിത്. ഓരോ വര്‍ഷവും പ്രമേഹമരുന്നു വില്‍പ്പന കൂടിവരുന്ന കേരളത്തില്‍ സീസണ്‍കാലത്തെ ഈ മാറ്റം ചക്കയുടെ പ്രസക്തി കൂട്ടുകയാണെന്ന് ഇതേപ്പറ്റി പഠനം നടത്തിയ മൈക്രോസോഫ്റ്റിന്റെ മുന്‍ഡയറക്ടര്‍ ജെയിംസ് ജോസഫ് പറയുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവില്‍ അദ്ദേഹം പഠനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മരുന്നുപയോഗത്തെപ്പറ്റി നിരീക്ഷിക്കാന്‍ പ്രമേഹമരുന്നിനായി സാധാരണക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന കാരുണ്യഫാര്‍മസികളിലെ വില്‍പ്പനയാണ് പരിശോധിച്ചത്. ചക്ക കൂടുതലായി ഉപയോഗിക്കുന്നത് സാധാരണക്കാരാണെന്ന നിഗമനത്തില്‍ക്കൂടിയാണിത്.

മാര്‍ച്ചില്‍ എട്ടുലക്ഷം യൂണിറ്റ് മരുന്നാണ് വിറ്റിരുന്നത്. ചക്കയുടെ ഉപയോഗം തുടങ്ങിയ ശേഷം ഫലം കണ്ടുതുടങ്ങിയത് ഏപ്രില്‍ മുതലാണ്. വില്‍പ്പന ഏഴുലക്ഷം യൂണിറ്റായി കുറഞ്ഞു. മേയിലും ജൂണിലും ആറുലക്ഷമായി. ജൂലായ് ആയപ്പോഴേക്കും ആറുലക്ഷത്തിനു മുകളിലേക്കു പോകാന്‍ തുടങ്ങി. ഓഗസ്റ്റില്‍ എഴും സെപ്റ്റംബറില്‍ ഏഴരയും ഒക്ടോബറില്‍ വീണ്ടും എട്ടു ലക്ഷവുമായി. പഴമായല്ലാതെ ചക്കയുടെ ഉപയോഗം കൂടിയപ്പോള്‍ പ്രമേഹം കുറഞ്ഞു. മരുന്നുവില്‍പ്പന 25 ശതമാനം താഴുകയും സീസണ്‍ കഴിഞ്ഞപ്പോള്‍ കൂടുകയും ചെയ്തു.

സീസണ്‍കാലത്തുള്ള ചക്ക അതുകഴിഞ്ഞും ഉപയോഗിക്കാനുള്ള ശാസ്ത്രീയ ഇടപെടലാണ് ഇനി വേണ്ടതെന്നും ഇതിന് സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഉപയോഗിക്കണമെന്നും ജെയിംസ് പറയുന്നു. ചോറിനെക്കാള്‍ കാര്‍ബോഹൈഡ്രേറ്റും കലോറിയും കുറവും െഫെബര്‍ കൂടുതലുമുള്ള ചക്കയെ കായ് വര്‍ഗമായി കാണാതെ പഴമായി മാത്രം കണ്ടതാണ് കുഴപ്പം.

പാറശ്ശാലയില്‍ 36 രോഗികളില്‍ നടത്തിയ പഠനം ചക്ക ഉപയോഗത്തിലൂടെ മരുന്ന് കുറയ്ക്കാമെന്നു കണ്ടെത്തിയിരുന്നു. 18 പേര്‍ക്ക് ഉച്ചയ്ക്ക് ചോറും 18 പേര്‍ക്ക് ചക്കപ്പുഴുക്കുമാണ് നിശ്ചിത അളവില്‍ നല്‍കിയത്. ചക്ക കഴിച്ചവര്‍ക്ക് നാലുമാസംകൊണ്ട് മരുന്ന് കുറയ്ക്കാനായെന്നു ഡോ. എസ്.കെ. അജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തുകയായിരുന്നു- ജെയിംസ് പറഞ്ഞു.

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍, നാരുകള്‍, വിറ്റമിന്‍ എ, സി, വിവിധ ബി വിറ്റമിനുകള്‍ എന്നിവയുടെ കലവറയാണ് ചക്ക. കാത്സ്യം, സിങ്ക്, ഫോസ്ഫറസ് വിറ്റമിന്‍ സി എന്നിവയുടെ ഒന്നാന്തരം ഉറവിടമാണിത്. അതുകൊണ്ടുതന്നെ മികച്ച ആന്റി ഓക്‌സിഡന്റും. ചക്കയില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

സോഡിയത്തിന്റെ അളവാകട്ടെ തീരെ കുറവും. ഇത് രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്. തികച്ചും കൊളസ്‌ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതില്‍ കൊഴുപ്പ് ഇല്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ്.

മറ്റു ഫലവര്‍ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അളവില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും. അഞ്ചു ടേബിള്‍ സ്പൂണ്‍ ചക്കയില്‍ ഒരു കപ്പു ചോറിനു സമാനമായ കാലറി അടങ്ങിയിരിക്കുന്നു.

അതുകൊണ്ട് പ്രമേഹരോഗികള്‍ക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപ്പഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ചര്‍മസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോല്‍പിക്കാനും ചക്ക സഹായിക്കും. ഇത് കുടല്‍വ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്.

ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. ചക്കക്കുരുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന്‍ റേഡിയേഷന്‍ ചികിത്സയില്‍ ഫലപ്രദമാണ്.