ഈ തീക്കളിക്ക് കനത്ത വില നൽകേണ്ടിവരും; പാകിസ്ഥാന് താക്കീതുമായി ഇറാൻ

single-img
17 February 2019

പകിസ്ഥാന്  ഇറാൻ്റെ താക്കീത്.  തങ്ങളുടെ 27 സൈനികർ കൊല്ലപ്പെട്ടതിന് പിന്നിൽ പാക്കിസ്ഥാനാണെന്ന്  ആരോപിച്ചാണ് ഇറാൻ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കി ഇന്ത്യയും അവർക്ക് താക്കീത് നൽകിയിരുന്നു.

അതിനു പിന്നാലെയാണ് ഇറാനും മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്. പാകിസ്ഥാൻ്റെ ചെയ്തികൾക്കു കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.

ആക്രമണം നടത്തിയ ഭീകരരെ പാക്കിസ്ഥാന്റെ സുരക്ഷാ സൈനികരാണു പിന്തുണയ്ക്കുന്നതെന്ന് ഇറാൻ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് ഇസ്ഫാഹാൻ നഗരത്തിൽ കൊല്ലപ്പെട്ടവർക്ക് അന്ത്യപ്രണാമം അർപ്പിച്ചു സംസാരിക്കവെ ഇറാനിലെ മേജർ ജനറൽ മുഹമ്മദ് അലി ജഫാരിയാണ് പാക്കിസ്ഥാനെ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തിയത്.

പാക്കിസ്ഥാനോടു ചേർന്നു കിടക്കുന്ന ദക്ഷിണ പ്രവിശ്യയായ സിസ്റ്റൻ ബലൂചിസ്ഥാനിൽ ബുധനാഴ്ചയാണ് ഇറാൻ സൈനികരുടെ ബസിനു നേർക്കു ബോംബാക്രമണം ഉണ്ടായത്. 27 സൈനികരാണ് ആക്രമണത്തിൽ  കൊല്ലപ്പെട്ടത്. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.

പാക്കിസ്ഥാൻ ഈ ഭീകരരെ ശിക്ഷിച്ചില്ലെങ്കിൽ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്നും പരിണത ഫലങ്ങൾക്കു പാക്കിസ്ഥാൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും മേജർ ജനറൽ ജഫാരി മുന്നറിയിപ്പു നൽകി. സുന്നി സംഘടനയായ ജെയ്ഷെ അൽ അദലിലെ ഭീകരർക്ക് പാക്കിസ്ഥാൻ താവളം ഒരുക്കുകയും സഹായം നൽകുകയും ചെയ്യുന്നതായി ഇറാൻ ആരോപിച്ചു.