അല്ല മാതൃഭൂമി പത്രാധിപരേ, അൽഫോൺസ് കണ്ണന്താനത്തിൻ്റെ തൂലികാനാമമാണോ പ്രകാശൻ പുതിയേട്ടി: ഇന്നത്തെ മാതൃഭൂമി എഡിറ്റോറിയലിലെ `നീചമായ ഇൻട്രോ´യ്ക്ക് എതിരെ വിമർശനം

single-img
17 February 2019

ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ എഡിറ്റോറിയൽ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തകൻ കെജിബിജു.  “പുൽവാമയിൽ സംഭവിച്ചത്” എന്ന തലക്കെട്ടിലെ ലേഖനത്തെയാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ വിമർശിച്ചിരിക്കുന്നത്. മലയാള മാധ്യമചരിത്രത്തിലെ ഏറ്റവും നീചമായ ഇൻട്രോ എന്നാണ്  പ്രസ്തുത ലേഖനത്തിൽ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്.

“രഹസ്യാനേഷണ വിഭാഗത്തിൻ്റെ അല്പനേരത്തെ വീഴ്ച…….” നാൽപതു ജവാന്മാർ ചിന്നിച്ചിതറി കൊല്ലപ്പെട്ട ദാരുണസംഭവത്തെ ഇങ്ങനെയും വ്യാഖ്യാനിക്കാമത്രേ. ആർക്കു വേണ്ടി…? ആരെ സുഖിപ്പിക്കാനാണ് കൊല്ലപ്പെട്ടവരുടെ ദേഹത്തിൻ്റെ ചൂടാറുംമുമ്പ് എഡിറ്റ് പേജിൽ ഈ വ്യാഖ്യാനം മാതൃഭൂമി പ്രസിദ്ധീകരിച്ചതെന്നും കെജി ബിജു ചോദിക്കുന്നു.

സഞ്ചാരത്തിനുമുമ്പ് പാതയിൽ പരിശോധന നടത്തണമെന്ന് ഫെബ്രുവരി എട്ടിന് ഇൻ്റലിജൻസ് വൃത്തങ്ങൾ അറിയിച്ചിരുന്നു…….” എന്നു മാതൃഭൂമി പറയുന്നുണ്ടെങ്കിലും പക്ഷേ, പരിശോധനയൊന്നും നടന്നില്ല. അതിൻ്റെ ന്യായം “അതിനാൽ പാതയിൽ ബോംബുപരിശോധനയടക്കമുള്ള കാര്യങ്ങൾ ചെയ്തെങ്കിലും പൊതുവാഹനങ്ങൾ കടത്തിവിട്ടു…….” എന്നുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അപ്പോ ഏതു വാഹനത്തിലായിരുന്നു ബോംബു പരിശോധന? സൈന്യത്തിൻ്റെ വാഹനങ്ങളിലോ… അതോ പോലീസിൻ്റെയോ? എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

“പ്രത്യേക സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പില്ലാത്തതിനാൽ ഗതാഗതം നിരോധിച്ച് ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന് സേന തീരുമാനിച്ചു. എന്നാൽ, പൊതുജനങ്ങളെ സഹായിക്കാൻ ചെയ്ത ഈ കൃത്യം രാജ്യത്തിൻ്റെ വിലയേറിയ 40 ജീവനുകൾ നഷ്ടപ്പെടുത്തി…..´´ പൊതുജനത്തിൻ്റെ ചെലവിൽ അതിഗുരുതരമായ സുരക്ഷാവീഴ്ചയെ വെളുപ്പിക്കുന്ന വരികളെയും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കുറിപ്പിൻ്റെ പൂർണ്ണരൂപം:

മലയാള മാധ്യമചരിത്രത്തിലെ ഏറ്റവും നീചമായ ഇൻട്രോ ഇന്നത്തെ മാതൃഭൂമിയുടെ എഡിറ്റ് പേജിലുണ്ട്. “പുൽവാമയിൽ സംഭവിച്ചത്” എന്ന തലക്കെട്ടിലെ സാഹിത്യം ഇങ്ങനെ ആരംഭിക്കുന്നു…

“രഹസ്യാനേഷണ വിഭാഗത്തിൻ്റെ അല്പനേരത്തെ വീഴ്ച…….”

നാൽപതു ജവാന്മാർ ചിന്നിച്ചിതറി കൊല്ലപ്പെട്ട ദാരുണസംഭവത്തെ ഇങ്ങനെയും വ്യാഖ്യാനിക്കാമത്രേ. ആർക്കു വേണ്ടി…? ആരെ സുഖിപ്പിക്കാനാണ് കൊല്ലപ്പെട്ടവരുടെ ദേഹത്തിൻ്റെ ചൂടാറുംമുമ്പ് എഡിറ്റ് പേജിൽ ഈ വ്യാഖ്യാനം മാതൃഭൂമി പ്രസിദ്ധീകരിച്ചത്…?

ആദ്യത്തെ പാരഗ്രാഫിൽത്തന്നെ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്..

“സേനാസഞ്ചാരത്തിനുമുമ്പ് പാതയിൽ പരിശോധന നടത്തണമെന്ന് ഫെബ്രുവരി എട്ടിന് ഇൻ്റലിജൻസ് വൃത്തങ്ങൾ അറിയിച്ചിരുന്നു…….”

പക്ഷേ, പരിശോധനയൊന്നും നടന്നില്ല. അതിൻ്റെ ന്യായം കേൾക്കൂ.

“അതിനാൽ പാതയിൽ ബോംബുപരിശോധനയടക്കമുള്ള കാര്യങ്ങൾ ചെയ്തെങ്കിലും പൊതുവാഹനങ്ങൾ കടത്തിവിട്ടു…….”

അപ്പോ ഏതു വാഹനത്തിലായിരുന്നു ബോംബു പരിശോധന? സൈന്യത്തിൻ്റെ വാഹനങ്ങളിലോ… അതോ പോലീസിൻ്റെയോ?

പൊതുജനത്തിൻ്റെ ചെലവിൽ അതിഗുരുതരമായ സുരക്ഷാവീഴ്ചയെ വെളുപ്പിക്കുന്ന എഡിറ്റ്പേജ് ദൃശ്യം കാണൂ… വെളുപ്പിക്കേണ്ടവരെ എണ്ണയിട്ടു വെളുപ്പിച്ചിട്ടുണ്ട്.

“പ്രത്യേക സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന മുന്നറിയിപ്പില്ലാത്തതിനാൽ ഗതാഗതം നിരോധിച്ച് ജനങ്ങളെ വീണ്ടും ബുദ്ധിമുട്ടിക്കേണ്ടതില്ലെന്ന് സേന തീരുമാനിച്ചു. എന്നാൽ, പൊതുജനങ്ങളെ സഹായിക്കാൻ ചെയ്ത ഈ കൃത്യം രാജ്യത്തിൻ്റെ വിലയേറിയ 40 ജീവനുകൾ നഷ്ടപ്പെടുത്തി……”

തമാശ തീർന്നില്ല. ലേഖനം വായിച്ചു ചെല്ലുമ്പോൾ ഇങ്ങനെയുമുണ്ടൊരു ഐറ്റം..

“ആയിരക്കണക്കിനു വാഹനങ്ങൾ പോകുന്ന സന്ദർഭത്തിൽ ഒരു വാഹനം മാത്രം പരിശോധിക്കണമെങ്കിൽ സി.ആർ.പി.എഫിന് ഇൻ്റലിജൻസ് അറിയിപ്പ് അത്യാവശ്യമാണ്. ഇതാണ് ലഭിക്കാതിരുന്നത്…”

അതായത് ഭീകരൻ ഓടിച്ചു കയറ്റിയ വാഹനത്തിൻ്റെ വണ്ടി നമ്പർ ഇൻ്റലിജൻസിന്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നില്ല. ഇൻ്റലിജെൻസേ, ഇനിയെങ്കിലും വണ്ടിനമ്പർ സഹിതം റിപ്പോർട്ടു ചെയ്യുക.

അല്ല മാതൃഭൂമി പത്രാധിപരേ, അൽഫോൺസ് കണ്ണന്താനത്തിൻ്റെ തൂലികാനാമമാണോ പ്രകാശൻ പുതിയേട്ടി?