കാശ്മീർ വിഘടനവാദി നേതാക്കളുടെ സുരക്ഷയ്ക്കായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചെലവഴിക്കുന്നത് കോടികൾ

single-img
17 February 2019

ജമ്മുകാശ്മീരിനെ പാക്കിസ്ഥാനോപ്പം ചേര്‍ക്കണമെന്ന് ആവശ്യപ്പെടുന്ന വിഘടനവാദി നേതാക്കൾ ഉള്‍പ്പടെയുള്ളവരുടെ സുരക്ഷക്കായി കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും ചിലവാക്കുന്നത് കോടിക്കണക്കിന് രൂപ എന്ന് റിപ്പോർട്ട്. പുൽവാമയിൽ 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പശ്ചാത്തലത്തിൽ കാശ്മീരിലെ വിഘടനവാദി നേതാക്കൾക്ക് നൽകിവന്ന സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് അവരുടെ സുരക്ഷയ്ക്കായി സർക്കാർ ചെലവാക്കുന്ന തുകയുടെ കാര്യത്തിലും വിമർശനമുയർന്നത്.

മുൻപ് പലതവണ വിവരാവകാശ നിയമപ്രകാരം സർക്കാർ ചെലവഴിക്കുന്ന തുകയുടെ കണക്ക് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സുരക്ഷാകാരണങ്ങളാൽ ഇരു സർക്കാറുകളും വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ നിരസിക്കുകയായിരുന്നു പതിവ്. എന്നാല്‍ 2015 ജമ്മുകാശ്മീർ സര്‍ക്കാര്‍ നിയമസഭയില്‍ നൽകിയ കണക്കുപ്രകാരം വിഘടനവാദി നേതാക്കൾ ഉള്‍പ്പടെ 1472 രാഷ്ട്രീയനേതാക്കളുടെ സുരക്ഷയ്ക്കായി അഞ്ച് വർഷത്തിനിടെ 506.72 കോടി രൂപ യാണ് ചെലവാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ ചിലവാക്കുന്ന തുകക്ക് പുറമേയുള്ള തുകയാണ് ഇത്.

ഇതിൽ വിഘടനവാദി നേതാക്കളുടെ പെഴ്സണല്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെ വരെ ചെലവ് ഉള്‍പ്പെടും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയെ രേഖാമൂലം അറിയിച്ചത്. ഇത് കൂടാതെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ശമ്പളം താമസം അവരുടെ യാത്ര തുടങ്ങി എല്ലാ ചിലവുകളും ഇരു സര്‍ക്കാരുകളും ചേര്‍ന്നാണ് വഹിക്കുന്നത്. ഇതില്‍ ചില വിഘടനവാദി നേതാക്കൾക്ക് പാക്കിസ്ഥാനില്‍ നിന്നു ധനസഹായം ലഭിക്കുന്നു എന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

പലതവണ ഇതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനവും ഉണ്ടായിട്ടും സർക്കാർ വിഘടനവാദി നേതാക്കളുൾപ്പെടെ നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ ഇതുവരെ പുനപരിശോധിക്കാൻ തയ്യാറായിട്ടില്ലായിരുന്നു.