Movies

കോടതി സമക്ഷം ബാലന്‍ വക്കീലിലെ അടിപൊളി ഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍

ദിലീപ്– ബി. ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കോടതിസമക്ഷം ബാലന്‍ വക്കീലിലെ പുതിയ ഗാനം പുറത്ത്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ പ്രണവം ശശിയും സിത്താര കൃഷ്ണകുമാറും ചേര്‍ന്ന് പാടിയ പാട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്. ദിലീപിനൊപ്പം അജു വര്‍ഗീസ്, ഭീമന്‍ രഘു, കോട്ടയം പ്രദീപ് തുടങ്ങിവരും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കം തന്നെ ആരാധകര്‍ ഗാനം ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.

അതേസമയം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യു സര്‍ട്ടിഫിക്കറ്റ്. ഫെബ്രുവരി 21നാണ് ചിത്രം റിലീസിനെത്തുന്നത്. ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. ഒരിടവേളയ്ക്കു ശേഷം ദിലീപ് കോമഡി ട്രാക്കിലേയ്ക്ക് എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. സിനിമയുടെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നു ലഭിച്ചത്.

സ്വാഭാവികമായ അഭിനയശൈലിയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് കൈയടി നേടുന്ന താരമാണ് ദിലീപ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത രണ്ട് സിനിമകളില്‍ കോമഡിയില്‍ നിന്നും മാറി സീരിയസ് വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടത്. രാമലീലയിലെ രാമനുണ്ണിയും കമ്മാരസംഭവത്തിലെ കമ്മാരനും ദിലീപ് ഗംഭീരമാക്കി. രണ്ട് സിനിമകളുടെ പ്രമേയവും ഗൗരവമേറിയതായിരുന്നു.

ബാലന്‍ വക്കീലില്‍ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകര്‍ഷണമാകുക. വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷനും ത്രില്ലും കോര്‍ത്തിണക്കിയ മുഴുനീള എന്റര്‍ടെയ്‌നറാകും കോടതിസമക്ഷം ബാലന്‍ വക്കീല്‍.

2 കണ്‍ട്രീസിനു ശേഷം അജുവും മംമ്തയും ദിലീപിനൊപ്പം വീണ്ടും ഒന്നിക്കുന്നു. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മ്മാണ കമ്പനിയായ വയകോം 18 മോഷന്‍ പിക്‌ചേര്‍സാണ് ഈ ചിത്രം നിര്‍മിക്കുന്നത്. മലയാളത്തിലേയ്ക്കുള്ള വയകോം 18 മോഷന്‍ പിക്‌ചേര്‍സിന്റെ അരങ്ങേറ്റ ചിത്രമാണിത്.