Movies

മരക്കാര്‍ സെറ്റില്‍ അജിത്തിന്റെ സര്‍പ്രൈസ് വരവ്: അമ്പരന്ന് താരങ്ങള്‍

ഇടവേളക്കു ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ സെറ്റിലേക്ക് തമിഴ് താരം അജിത്തിന്റെ സര്‍പ്രൈസ് എന്‍ട്രി. സംവിധായകനടക്കമുള്ളവരെ അമ്പരപ്പിച്ചാണ് അജിത്ത് എത്തിയത്. അജിത്തും പ്രിയദര്‍ശനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് മരക്കാറിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. അജിത്തിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നതും റാമോജിയില്‍ തന്നെയാണ്. പിങ്ക് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിക്കുന്നത്.

മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിലുണ്ട്. സംവിധായകന്‍ ഫാസിലിനും ചിത്രത്തില്‍ പ്രധാന റോള്‍ ഉണ്ടന്നാണ് സൂചന. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.