കോടതി സമക്ഷം ബാലന്‍ വക്കീലിന് യു സര്‍ട്ടിഫിക്കറ്റ്

single-img
16 February 2019

അഭിഭാഷകന്‍റെ റോളില്‍ ദിലീപ് എത്തുന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന് യു സെര്‍ട്ടിഫിക്കറ്റ്. ചിത്രം ഈ മാസം 21ന് തിയേറ്ററുകളിലെത്തും. വമ്പന്‍ വരവേല്‍പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ് ഫാന്‍സ്. പല കേന്ദ്രങ്ങളിലും ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട്. വലിയ റിലീസ് തന്നെയാകും ചിത്രത്തിന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.


അതിനിടെ ചിത്രത്തിലെ ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകര്‍. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ദിലീപിന്റെ ശക്തമായ തിരിച്ചു വരവായിരിക്കും ചിത്രമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. തനി നാട്ടിന്‍പുറത്തുകാരന്‍ വക്കീലായാണ് ദിലീപ് ഗാനരംഗത്തിലെത്തുന്നത്. പാട്ടിലുടനീളം കാണുന്ന ഗ്രാമത്തിന്റെ പച്ചപ്പും കുളിര്‍മയും ഏറെ ആസ്വദിക്കാനായെന്നും, ഏറെ കാലത്തിനു ശേഷമാണ് ദിലീപിന്റെ നല്ലൊരു ഗാനം കേള്‍ക്കുന്നത് എന്നൊക്കെയുമാണ് കമന്റുകള്‍.

ഹരിശങ്കറിന്റെ അതിമനോഹരമായ ആലാപനം ഗാനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഹരിനാരായണന്റെ കവിത തുളുമ്പുന്ന വരികള്‍. രാഹുല്‍ രാജിന്റെ സംഗീതം. ആലാപനവും വരികളും ദൃശ്യങ്ങളും ഒന്നിനൊന്നു മെച്ചമാണെന്നാണ് ആസ്വാദകപക്ഷം.

സ്വാഭാവികമായ അഭിനയശൈലിയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് കൈയടി നേടുന്ന താരമാണ് ദിലീപ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത രണ്ട് സിനിമകളില്‍ കോമഡിയില്‍ നിന്നും മാറി സീരിയസ് വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടത്. രാമലീലയിലെ രാമനുണ്ണിയും കമ്മാരസംഭവത്തിലെ കമ്മാരനും ദിലീപ് ഗംഭീരമാക്കി. രണ്ട് സിനിമകളുടെ പ്രമേയവും ഗൗരവമേറിയതായിരുന്നു.

ബാലന്‍ വക്കീലില്‍ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകര്‍ഷണമാകുക. വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷഷനും ത്രില്ലും കോര്‍ത്തിണക്കിയ മുഴുനീള എന്റര്‍ടെയ്‌നറാകും കോടതിസമക്ഷം ബാലന്‍ വക്കീല്‍.

ഈ വര്‍ഷം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. 2 കണ്‍ട്രീസിനു ശേഷം അജുവും മംമ്തയും ദിലീപിനൊപ്പം വീണ്ടും ഒന്നിക്കുന്നു. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.