കത്തോലിക്കാ സഭയിലെ രണ്ട് വൈദികർക്ക് തോക്ക് കൈവശം വെക്കാനുള്ള ലൈസൻസ്; വൈദികർക്ക് എന്തിനാണ് തോക്കെന്നു വിശ്വാസികൾ

single-img
16 February 2019

കത്തോലിക്കാ സഭയിലെ രണ്ട് വൈദികര്‍ തോക്ക് കൈവശം വച്ചിരിക്കുന്നതായി വിവരാവകാശ രേഖ. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി ) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. സന്തോഷ് അഴകത്ത് എന്നിവരുടെ പേരിലാണ് തോക്ക് ലൈസന്‍സുള്ളത്.

2003 മുതല്‍ തിരുവല്ല പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ ആരൊക്കെ, പൊതുതെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആയുധം സറണ്ടര്‍ ചെയ്തത് ആരൊക്കെ എന്നീ വിവരങ്ങളും തോക്ക് ലൈസന്‍സുള്ളവരുടെ പേരും വിലാസവും ആയുധം സംബന്ധിച്ച വിവരങ്ങളും ചോദിച്ചുകൊണ്ട് പൗലോസ് വി.ജെ എന്നയാള്‍ തിരുവല്ല പോലീസിന് നൽകിയ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയിലാണ് പോലീസ് കത്തോലിക്കാ സംഭയിലെ വൈദികർ തോക്കു കൈവശം വെച്ചിരിക്കുന്നതായി രേഖാമൂലം മറുപടി നൽകിയത്.

പോലീസിന്റെ പക്കലുള്ള രേഖകൾ പ്രകാരം 2005ലാണ് ഇരുവരും തോക്ക് ലൈസന്‍സ് എടുത്തിരിക്കുന്നത്. മലങ്കര സഭയുടെ ഭാഗമായ തിരുവല്ല മേരിഗിരി ബിഷപ്പ് കൗണ്‍സിലിന്റെ മേല്‍വിലാസത്തിലാണ് ഇരുവരും തോക്ക് ലൈസന്‍സ് നേടിയിരിക്കുന്നത്. SBBL ഇനത്തില്‍പെട്ട തോക്കാണ് രണ്ട് വൈദികരും കൈവശം വെച്ചിരിക്കുന്നത്. no.02/2005/111/TVLAആണ് ഫാ.വര്‍ഗീസ് വള്ളിക്കാട്ടിന്റെ ലൈസന്‍സ് നമ്പര്‍. no.03/2005/111/TVLA ആണ് ഫാ.സന്തോഷ് അഴകത്തിന്റെ ലൈസന്‍സ് നമ്പര്‍.

സ്വരക്ഷയ്ക്ക് നിയമാനുസൃതമായി ആയുധം കൈവശം വയ്ക്കാന്‍ അവകാശം ഉണ്ടെങ്കിലും ഒരു വൈദികന് എന്തിനാണ് തോക്ക് എന്നാണു വിശ്വാസികളും മറ്റു വൈദികരും ചോദിക്കുന്നത്. മാത്രമല്ല കേരളത്തില്‍ മറ്റേതെങ്കിലും വൈദികര്‍ തോക്ക് ഉപയോഗിക്കുന്നതായി അറിവില്ലെന്നും ഇവർ പറയുന്നു.