പുൽവാമ ഭീകരാക്രമണം: പതിവുപോലെ ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാൻ; തെളിവുണ്ടെങ്കിൽ നൽകണമെന്ന് പാക് വിദേശകാര്യ മന്ത്രി

single-img
16 February 2019

പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദികളുടെ പങ്കു തള്ളി പാക്കിസ്ഥാൻ രംഗത്ത്. തെളിവുണ്ടെങ്കിൽ നൽകണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇത് ആദ്യമായല്ല പാക്കിസ്ഥാൻ ഇത്തരത്തിൽ ആരോപണങ്ങൾ നിഷേധിക്കുന്നത്. മുൻപ് മുംബൈ ഭീകരാക്രമണം ഉണ്ടായ സാമക്അത്തും പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം ഉണ്ടായ സമയത്തും പാക്കിസ്ഥാൻ ഇതുപോലെ തീവ്രവാദികളുടെ പങ്ക് തള്ളിയിരുന്നു.

ഇന്ത്യയിൽ ഒരു ഭീകരാക്രമണം നടന്നു അതിൽ പാകിസ്ഥാനും വേദനയുണ്ട്. ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിൽ പാകിസ്ഥാനും ആഗ്രഹിക്കുന്നില്ല. ഭീകരവാദം പാകിസ്ഥാന്റെ അജണ്ടയല്ല. ഒരു തരത്തിലുള്ള തെളിവുകളും അന്വേഷണവുമില്ലാതെ ഇന്ത്യ പാകിസ്ഥാന് നേരെ ചില ആരോപണങ്ങൾ ഉന്നയിക്കുകയാണ്. എന്തെങ്കിലും തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ടെങ്കിൽ അത് പാകിസ്ഥാന് നൽകുകയാണ് വേണ്ടത്.തെളിവുകൾ നൽകിയാൽ അന്വേഷണത്തിനും സഹകരിക്കാൻ തയ്യാറാണ്. തെളിവുകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാൻ പാകിസ്ഥാനും തയ്യാറാണ്. പാകിസ്ഥാനെ ഒറ്റപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും,​ എന്ത് സംഭവം ഉണ്ടായാലും പാകിസ്ഥാനെ കുറ്റപ്പെടുത്തുന്ന നടപടിയാണ് ഇന്ത്യ സ്വീകരിക്കുന്നതെന്നും ഇത് ഇന്ത്യയുടെ സ്ഥിരം അജണ്ടയാണെന്നും പാക് വിദേശകാര്യ മന്ത്രി മെഹമൂദ് ഖുറേഷി അഭിമുഖത്തിൽ പറഞ്ഞു.

പാകിസ്ഥാനിലെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള തിരിച്ചടിക്ക് സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുൽവാമയിൽ ഭീകരാക്രമണം നടത്തിയവരെ എവിടെ ഒളിപ്പിച്ചാലും വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി