പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളിയും; വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാർ ഇനി ഓർമ്മ

single-img
15 February 2019

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളിയും. വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറാണ് മരിച്ചത്. ആക്രമണത്തില്‍ ഇതുവരെ നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 2500 സൈനികരാണ് വാഹന വ്യൂഹത്തിലുണ്ടായിരുന്നത്.

പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലാണ് സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടന്നത്. 1980 ന് ശേഷം നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച കശ്മീരില്‍ ഉണ്ടായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോയ സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം നടന്നത്.

പുല്‍വാമ സ്വദേശി ആദില്‍ അഹമ്മദ് ധര്‍ ആണ് ചാവേര്‍ ആക്രമണം നടത്തിയത്. ഭീകര സംഘടനയാായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.

350 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പ്പിയോ ഭീകരര്‍ സൈനിക വ്യൂഹത്തിന് നേരെ ഇടിച്ചു കയറ്റുകയായിരുന്നു. ചാവേറിന്റെ ചിത്രം ജെയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടുണ്ട്.ഐഇഡി( ഇംപ്രവൈസ്ഡ് എക്‌സപ്ലോസീവ് ഡിവൈസ്) ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് എന്നാണ് പ്രാഥമിക നിഗനമനം.