ഭീകരാക്രമണ പശ്ചാത്തലത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമ്പോഴും വ്യാജ വാര്‍ത്തകള്‍ പടച്ചുവിട്ട് സംഘ്പരിവാര്‍: പുല്‍വാമ ചാവേറിന്റെ കൂടെ രാഹുല്‍ ഗാന്ധി നില്‍ക്കുന്ന വ്യാജ ഫോട്ടോ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്

single-img
15 February 2019

കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും കുടുംബത്തിന് വേണ്ടി പ്രാര്‍ഥിച്ചും പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ സംഘ്പരിവാര്‍ അനുകൂലികള്‍ ഈ സമയത്തും വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന തിരക്കിലാണ്.

പുല്‍വാമ ചാവേര്‍ ആക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദറിന്റെ കൂടെ രാഹുല്‍ ഗാന്ധി നില്‍ക്കുന്നതായിട്ടുള്ള ഫോട്ടോയാണ് ഇപ്പോള്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നത്. ആക്രമണം നടത്തിയ ആദില്‍ രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുള്ളയാളാണെന്നും ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഇടപെടലുണ്ടെന്നും തരത്തിലാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വ്യാപകമായി ഇന്നലെ മുതല്‍ പ്രചരണം തുടങ്ങിയത്.

എന്നാല്‍ വ്യാജ ഫോട്ടോ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ് രംഗത്തെത്തി. ഫോട്ടോയുടെ സത്യാവസ്ഥ ചൂണ്ടികാട്ടി അതിന്റെ യഥാര്‍ത്ഥ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയാണ് ആള്‍ട്ട് ന്യൂസ് വ്യാജ വാര്‍ത്ത പൊളിച്ചടുക്കിയത്. ഒഡീഷയില്‍ നിന്നുള്ള ഒഡിയ പോസ്റ്റ് ഫോട്ടോ വെച്ച് ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗെറ്റി ഇമാജസില്‍ ഫോട്ടോയുടെ യഥാര്‍ത്ഥ ചിത്രം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.