രാഹുലും പ്രിയങ്കയും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി: സര്‍ക്കാരിന് ഒപ്പം നില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി

single-img
15 February 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെയും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി. വിദേശ സ്ഥാനപതിമാരുമായി രാഹുല്‍ നടത്താനിരുന്ന കൂടിക്കാഴ്ചയും ലഖ്‌നൗവില്‍ പ്രിയങ്ക നടത്താനിരുന്ന വാര്‍ത്താസമ്മേളനവുമാണ് റദ്ദാക്കിയത്.

ലോകത്തിനു ഭീഷണിയായ ഭീകരതയെ ഒറ്റക്കെട്ടായി രാജ്യം ചെറുക്കുമെന്നും ഭീകരര്‍ക്കെതിരായ നടപടിയില്‍ സര്‍ക്കാരിന് ഒപ്പം നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, മുന്‍ പ്രതിരോധമന്ത്രി എ.കെ.ആന്റണി, മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്.

കൊടുംഭീകര ദുരന്തമാണ് രാജ്യം നേരിട്ടത്. വെറുപ്പുളവാക്കുന്ന ആക്രമണമാണ് സൈനികര്‍ക്കെതിരേ നടന്നിരിക്കുന്നത്. സൈന്യത്തിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി നില്‍ക്കുമെന്നും മരിച്ച ജവാന്മാരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഇത്തരം ആക്രമണങ്ങളിലൂടെ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിയെന്നും ഭീകരരെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. സര്‍ക്കാരിനും സൈനിക വിഭാഗങ്ങള്‍ക്കും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.