പുല്‍വാമ ആക്രമണം: പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

single-img
15 February 2019

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് സ്ഥാനപതി സൊഹൈല്‍ മുഹമ്മദിനെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വിളിച്ചുവരുത്തിയത്. ജവാന്മാരുടെ മരണത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം ഗോഖലെ സൊഹൈലിനെ അറിയിച്ചതായി അധികൃതരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ജെയ്‌ഷെ മൊഹമ്മദിനെതിരെ എത്രയും വേഗം ശക്തമായ നപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ അറിയിച്ചു. പാക് മണ്ണിലെ ഭീകരരുമായി സഹകരിക്കുന്ന സംഘടനകളും വ്യക്തികളും ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന വാദവുമായി പാക് വിദേശകാര്യമന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവന ഇന്ത്യ തള്ളിയിരുന്നു.

വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കണമെന്ന് തീരുമാനിച്ചിരുന്നു. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.