കള്ളുഷാപ്പില്‍ കത്തിക്കുത്തില്‍ മരിച്ച രക്തസാക്ഷിക്ക് സ്മാരകം നിര്‍മിച്ച് അതിന്റെ പേരില്‍ പണപ്പിരിവ് നടത്തി കൊഴുക്കുന്ന സി.പി.എം ആദര്‍ശം പറയേണ്ട: മുല്ലപ്പള്ളി

single-img
15 February 2019

കെ.പി.സി.സിയുടെ ജനമഹായാത്രയിലെ ഫണ്ട് സമാഹരണത്തെപ്പറ്റിയുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളുഷാപ്പില്‍ കത്തിക്കുത്തില്‍ മരിച്ച രക്തസാക്ഷിക്ക് സ്മാരകം നിര്‍മിച്ച് അതിന്റെ പേരില്‍ പണപ്പിരിവ് നടത്തി കൊഴുക്കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ഇപ്പോള്‍ അമ്യൂസ്‌മെന്റ് സംസ്‌കാരത്തിലാണ് എത്തി നില്‍ക്കുന്നത്. സുതാര്യതയില്ലാത്ത പണപ്പിരിവ് മാത്രം പാര്‍ട്ടിയുടെ ഏക പരിപാടിയാക്കിയ സി.പി.എം ആദര്‍ശം പറയരുതെന്നും മുല്ലപ്പള്ളി തൃശൂരില്‍ പറഞ്ഞു.

പാട്ടപ്പിരിവില്‍നിന്ന് ബക്കറ്റ് പിരിവിലേക്ക് വളര്‍ന്ന സി.പി.എമ്മിന് മാത്രമേ മണിക്കൂറിനകം കോടികള്‍ സമാഹരിക്കാനുള്ള മാന്ത്രികവിദ്യ വശമുള്ളൂ. ഇതിന്റെ രഹസ്യമൊന്ന് സി.പി.എം വെളിപ്പെടുത്തണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയന്‍ കേരളത്തില്‍ ഉടനീളം നടത്തിയ യാത്രയിലെ ആശയ സംവാദമത്രയും നവ സമ്പന്നരോടായിരുന്നു. അതിലൊന്നും സി.പി.എം പറയുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തെയും കര്‍ഷകരെയും കണ്ടില്ല. അത് സി.പി.എമ്മിന്റെ നിയമസഭാ സ്ഥാനാര്‍ഥികളിലും പ്രതിഫലിച്ചു. പാര്‍ട്ടിക്കുവേണ്ടി കാലങ്ങളായി കൊടി പിടിച്ച് നടന്നവരെ തഴഞ്ഞ് ഇത്തരക്കാര്‍ക്ക് സീറ്റ് കൊടുത്തതും ജയിപ്പിച്ചതും എന്തിന്റെ പേരിലായിരുന്നുവെന്നും മുല്ലപ്പള്ളി ചോദിച്ചു.