സൈന്യത്തിന് തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് മോദി: ആക്രമിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും വലിയവില നല്‍കേണ്ടിവരുമെന്ന് ജെയ്റ്റ്‌ലി

single-img
15 February 2019

പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ 45 സൈനികര്‍ വീരമൃത്യുവരിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തീവ്രവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്നും പാകിസ്താന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. ഈ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കും’. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട നമ്മുടെ അയല്‍രാജ്യം ശക്തമായ ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

അതേസമയം പുല്‍വാമ ആക്രമണം നടത്തിയവര്‍ക്കും അതിനു പിന്തുണ നല്‍കിയവര്‍ക്കും കനത്ത വില നല്‍കേണ്ടിവരുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നിര്‍ണായകമായ കേന്ദ്രമന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനാണ് ആക്രമണത്തിനു പിന്നിലെന്ന് പറയാതെ പറഞ്ഞ അദ്ദേഹം പാക് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യയുടെ പ്രതിഷേധം അറിയിക്കുമെന്ന് പറഞ്ഞു. പാക്കിസ്ഥാന് ഇന്ത്യ നല്‍കിയ സൗഹൃദരാഷ്ട്രപദവി പിന്‍വലിക്കുകയാണെന്നും നയന്ത്രതലത്തിലുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായും ജെയ്റ്റ്‌ലി അറിയിച്ചു. ലോക രാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ എല്ലാ നയന്ത്രനടപടികളും സ്വീകരിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിനു നിര്‍ദേശം നല്‍കി.