സംഘ്പരിവാര്‍ ഹര്‍ത്താലുകളില്‍ 99 ബസുകള്‍ തകര്‍ത്തുവെന്ന് കെ.എസ്.ആര്‍.ടി.സി ഹൈക്കോടതിയില്‍

single-img
15 February 2019

സംഘ്പരിവാര്‍ സംഘടനകള്‍ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലുകളില്‍ 99 ബസുകള്‍ തകര്‍ക്കപ്പെട്ടുവെന്ന് കെ.എസ്.ആര്‍.ടി.സി. 3.35 കോടി രൂപയുടെ നഷ്ടമുണ്ടായി. അക്രമത്തില്‍ തകര്‍ന്ന ബസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നഷ്ടം പിന്നെയും കൂടുമെന്നും കെ.എസ്.ആര്‍.ടി.സി കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ജനുവരി മൂന്നിനുണ്ടായ ഹര്‍ത്താലിലുണ്ടായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ടി.എന്‍ മുകുന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ സത്യവാങ്മൂലം.

ഹര്‍ജിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.പി ശശികല, ശബരിമല കര്‍മ സമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്‍ കുമാര്‍, വൈസ് പ്രസിഡന്റുമാരായ കെ.എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍, പ്രസിഡന്റ് ഗോവിന്ദ് ഭരതന്‍, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍ എം.എല്‍.എ, വി മുരളീധരന്‍ എം.പി എന്നിവര്‍ക്ക് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നേരത്തെ നോട്ടീസ് അയച്ചിരുന്നു.