പാകിസ്താന്റെ സൗഹൃദരാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചു

single-img
15 February 2019

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുള്ള സൗഹൃദരാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചു. നയതന്ത്ര തലത്തില്‍ പാകിസ്താനെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനെറ്റ് സുരക്ഷാ സമിതിയുടെ തീരുമാനം.

അക്രമികള്‍ക്കും പിന്തുണച്ചവര്‍ക്കും ശക്തമായ മറുപടി നല്‍കും. പാകിസ്താനെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താന്‍ ആവശ്യപ്പെടുമെന്നും ഇന്ത്യയിലെ പാകിസ്താന്‍ സ്ഥാനപതിയെ നേരിട്ട് വിളിച്ച് പ്രതിഷേധമറിയിക്കുമെന്നും ക്യാബിനെറ്റ് സുരക്ഷാസമിതി യോഗത്തിന് ശേഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും വ്യക്തമാക്കി.

പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ്, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

തീവ്രവാദത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്നും പാകിസ്താന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മന്ത്രി സഭ സുരക്ഷ സമിതി യോഗത്തിനു ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

‘ഈ ഭീകരാക്രമണത്തെ ശക്തമായ രീതിയില്‍ അപലപിച്ചു കൊണ്ട് ഇന്ത്യയെ പിന്തുണച്ച എല്ലാ രാഷ്ട്രങ്ങള്‍ക്കും ഞാന്‍ നന്ദി അറിയിക്കുകയാണ്. ഈ ആക്രമണത്തിന് ശക്തമായ മറുപടി നല്‍കും’. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട നമ്മുടെ അയല്‍രാജ്യം ശക്തമായ ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.