ജമ്മുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

single-img
15 February 2019
epresentative image

ഭീകരാക്രമണത്തിന് ശേഷം വ്യാപകമായി ഉണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് ജമ്മുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം പുൽവാമയിൽ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ വീരമൃത്യു വരിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജമ്മുവിൽ അക്രമം പൊട്ടി പുറപ്പെട്ടത്.

പാകിസ്ഥാൻ വിരുദ്ധ പ്രകടനങ്ങളാണ് ജമ്മു സിറ്റിയിൽ പ്രധാനമായും നടക്കുന്നത്. ഇതുവരെ ഉണ്ടായ അക്രമസംഭവങ്ങളിൽ പന്ത്രണ്ടോളം പേര്‍ക്ക് പരുക്കേറ്റു. കല്ലേറിനെ തുടർന്ന് ഗുജ്ജർ നഗറിൽ ചില വാഹനങ്ങൾക്കും നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും കേടുപാടുകൾ ഉണ്ടായി.

അതിനിടെ ക്രമസമാധാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആർമി ജമ്മുവിൽ ഫ്ലാഗ് മാർച്ച് നടത്തി. എന്നാൽ, നിരോധനാജ്ഞ ഏർപ്പെടുത്തിയെന്ന് ആർമി വിളിച്ചുപറഞ്ഞിട്ടും സമരാനുകൂലികൾ പിരിഞ്ഞുപോകാൻ തയ്യാറാകുന്നില്ല. ഇത് ഗുരുതര ക്രമസമാധാന പ്രശ്നമാണ് സൈന്യത്തിന് സൃഷ്ട്ടിക്കുന്നത്.

അതേസമയം, മുൻകരുതലിന്‍റെ ഭാഗമായാണ് ജമ്മു സിറ്റിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയതെന്ന് ജമ്മു ഡെപ്യൂട്ടി കമ്മീഷണർ രമേഷ് കുമാർ പറയുന്നത്. എന്നാൽ ജമ്മുവിൽ ബന്ദിന് സമാനമായ അവസ്ഥയാണെന്നാണ് ഔദ്യോഗികവൃത്തങ്ങൾ നല്‍കുന്ന വിവരം.