വിദ്യാർത്ഥികൾ സീറ്റുകളിൽ ഇരിക്കുന്നതിനെ വിലക്കരുത്; സ്വകാര്യ ബസ് ജീവനക്കാരോടു കർശനനിർദ്ദേശവുമായി ഹെെക്കോടതി

single-img
15 February 2019

വിദ്യാർത്ഥികൾ സ്വകാര്യ ബസ്സുകളിലെ സീറ്റുകളില്‍ ഇരിക്കുന്നതില്‍ നിന്ന് അവരെ വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശം. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ് അനുവദിക്കാന്‍ സ്വകാര്യബസ് ഉടമകള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

ബസ് ചാര്‍ജില്‍ ഇളവു നല്‍കുന്നുണ്ടെന്ന പേരില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും വിദ്യാര്‍ഥികളെ ബസ് ജീവനക്കാര്‍ ഇരിക്കാന്‍ സമ്മതിക്കുന്നില്ലെന്ന പത്ര വാര്‍ത്ത ശ്രദ്ധയില്‍ വന്നതിനെ തുടർന്നാണ് കോടതി പരാമര്‍ശം. സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും വിദ്യാര്‍ഥികള്‍ സീറ്റിലിരിക്കുന്നത് വിലക്കുന്നുണ്ടോ എന്നതിനെപ്പറ്റി വിശദീകരണം നൽകാൻ സർക്കാർ ഒരാെഴ്ചത്തെ സമയം തേടിയിരിക്കുകയാണ്.

നേരത്തെ ഫെബ്രുവരി ഒന്നിലെ പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട കോടതി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞയാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു. പ്രസ്തുത പത്രവാര്‍ത്തയോടൊപ്പമുള്ള ചിത്രത്തിലെ ബസ് ഏതാണെന്ന് തിരിച്ചറിഞ്ഞോ എന്നും അത് കണ്ടെത്താന്‍ എന്താണ് തടസ്സമെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു. അന്വേഷണറിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചകൂടി സമയം വേണമെന്ന് വ്യാഴാഴ്ച സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് കോടതി അംഗീകരിച്ചു.

വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കാന്‍ ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ നല്‍കിയ ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, കണ്‍സഷന്റെ പേരില്‍ വിദ്യാര്‍ഥികളോട് വിവേചനം കാട്ടുന്നത് വേറെ കാര്യമാണെന്നും ബസ് ചാര്‍ജില്‍ ഇളവുണ്ടെന്നപേരില്‍ അവരെ നിര്‍ത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ ഓര്‍മപ്പെടുത്തി.