ശബരിമല വോട്ടാക്കി മാറ്റുവാനിറങ്ങിയ ബിജെപി നാണം കെട്ടു; തൃശൂർ അരിമ്പൂർ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ബിജെപി നാലാം സ്ഥാനത്ത്

single-img
15 February 2019

സംസ്ഥാനത്തെ 12 ജില്ലകളിലായി 30 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫിന് തിളക്കമാര്‍ന്ന ജയം. 30 വാര്‍ഡുകളില്‍ പതിനാറിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 12 ഇടത്ത് യുഡിഎഫ് വിജയം നേടിയപ്പോള്‍ ബിജെപിക്ക് സീറ്റൊന്നും നേടാനായില്ല.

തൃശൂർ അരിമ്പൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽഎൽഡിഎഫിലെ സജിക്ക് വൻ വിജയം. 357 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. ശബരിമല വിഷയം ഉയർത്തി പ്രചാരണം നടത്തിയ ബിജെപി ഇവിടെ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. യുഡിഎഫിനും വോട്ട് കുത്തനെ കുറഞ്ഞിട്ടുണ്ട്.

എല്‍.ഡി.എഫില്‍ നിന്ന് അഞ്ചു സീറ്റുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ നാലു സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. സി.പി.എം സര്‍വതന്ത്രങ്ങളും പയറ്റിയ ഒഞ്ചിയത്ത് 328 വോട്ടിന്റ ഭൂരിപക്ഷത്തിലാണ് ആര്‍.എം.പി സ്ഥാനാര്‍ഥി പി ശ്രീജിത്തിന്റ ജയം. ഇതോടെ പഞ്ചായത്ത് ഭരണവും ആര്‍.എം.പി നിലനിര്‍ത്തി. ടി.പി ചന്ദ്രശേഖരന്റ കൊലപാതകവുമായി ബന്ധപ്പെട്ട് രാഷ്ട്രീയശ്രദ്ധ നേടിയ ഒഞ്ചിയത്ത് ആര്‍.എം.പിയുടെ ശക്തി ചോര്‍ന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം.

തിരുവനന്തപുരം കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ചാമവിളപ്പുറം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴിഞ്ഞി, ആലപ്പുഴ കരുവാറ്റ ഗ്രാമപഞ്ചായത്തിലെ നാരായണ വിലാസം, കോട്ടയം നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കൈപ്പുഴ പോസ്റ്റാഫീസ്, എറണാകുളം കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ പ്ലാമുടി എന്നീ വാര്‍ഡുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്.

മലപ്പുറം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണവും കാവന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണവും എല്‍.ഡി.എഫിന് ലഭിച്ചു. ഉപതിരഞ്ഞെടുപ്പ് നടന്ന കൊച്ചി കോര്‍പറേഷന്‍ വൈറ്റില ജനത ഡിവിഷന്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തു. വയനാട് നെന്മേനി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന് ലഭിച്ചു. ആലപ്പുഴ ജില്ലാകോടതി വാര്‍ഡില്‍ കോണ്‍ഗ്രസ് വിമതന്‍ ബി.മെഹബൂബ് വിജയിച്ചു. കണ്ണൂരും തൃശൂരും ഉപതിരഞ്ഞെടുപ്പ് നടന്ന വാര്‍ഡുകള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി.

തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം, പത്തനംതിട്ട റാന്നി ഗ്രാമപഞ്ചായത്തിലെ പുതുശേരിമല, കൊല്ലത്തെ ചിറ്റുമല ബ്ലോക്കിലെ പെരുമണ്‍ ഡിവിഷന്‍ എന്നിവിടങ്ങളില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി.