പ്രവാസികള്‍ ബുദ്ധിമുട്ടും: 4 വിമാനക്കമ്പനികള്‍ തിരുവനന്തപുരം സര്‍വീസ് നിര്‍ത്തുന്നു

single-img
14 February 2019

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടെ 4 വിമാനക്കമ്പനികള്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസുകളില്‍ നിന്നു പിന്മാറുന്നു.

സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈ ദുബായ്, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് എന്നിവയാണു പിന്മാറുന്നത്. സാമ്പത്തിക പ്രതിസന്ധിയാണു ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ് എന്നിവയുടെ സര്‍വീസുകളെ ബാധിച്ചതെങ്കില്‍ സൗദി എയര്‍ലൈന്‍സും ഫ്‌ളൈ ദുബായിയും കൂടുതല്‍ യാത്രക്കാരുള്ള കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കു സര്‍വീസ് മാറ്റുകയാണ്.

ആഴ്ചയില്‍ മൂന്നു ദിവസം ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണ് സൗദി സര്‍വീസ് നടത്തിയിരുന്നത്. ഒരുവര്‍ഷം മുന്‍പാണ് സൗദി തിരുവനന്തപുരത്തു നിന്ന് സര്‍വീസുകള്‍ തുടങ്ങിയത്. തുടക്കത്തില്‍ ഏറെ യാത്രക്കാരുണ്ടായിരുന്നെങ്കിലും പിന്നീട് എണ്ണം കുറഞ്ഞതോടെയാണു തിരുവനന്തപുരത്തെ ഉപേക്ഷിച്ചു കണ്ണൂരില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അവര്‍ ഒരുങ്ങുന്നത്.

ആഴ്ചയില്‍ 4 ദിവസം ദുബായിലേക്കു സര്‍വീസ് നടത്തിയിരുന്ന ഫ്‌ളൈ ദുബായിയും യാത്രക്കാരുടെ കുറവുമൂലമാണു നിര്‍ത്തിയതെന്നാണു സൂചന. കോഴിക്കോടു നിന്നാണ് അവര്‍ പുതിയ സര്‍വീസ് തുടങ്ങുന്നത്. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സ് നേരത്തെ ദുബായ് ഉള്‍പ്പെടെയുള്ള സര്‍വീസുകള്‍ നിര്‍ത്തിയിരുന്നു.

ദമാമിലേയ്ക്കുള്ള സര്‍വീസും ഉടന്‍ നിര്‍ത്തും. സില്‍ക് എയര്‍ അവരുടെ തന്നെ ബജറ്റ് എയര്‍ലൈന്‍ വിഭാഗമായ സ്‌കൂട്ടിന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് കൈമാറാന്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം നിരന്തരം വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളമായിട്ടും വിമാനക്കമ്പനികള്‍ പിന്‍മാറുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ പറയുന്നത്.