തൊളിക്കോട് മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരായ പീഡന ആരോപണത്തില്‍ ട്വിസ്റ്റ്

single-img
14 February 2019

മതപ്രഭാഷകനും തൊളിക്കോട് മഹല്ല് മുന്‍ ഇമാമുമായ ഷഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ മൊഴി. ചൈല്‍ഡ് ലൈനിനും പൊലീസിനും പെണ്‍കുട്ടി സമാനമായ മൊഴി നല്‍കി. മാതാവിനെ ഭയന്നാണ് ഇക്കാര്യം പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.

വനിത സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വ്വമെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പീഡനം വൈദ്യപരിശോധനയിലും സ്ഥിരീകരിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാനും പൊലീസ് അനുമതി തേടിയിട്ടുണ്ട്. ആറ് തൊഴിലുറപ്പ് തൊഴിലാളികളും ഖാസിമിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വനത്തിനുള്ളിലെ ചിത്രങ്ങളും പൊലീസിന് കൈമാറി.

നേരത്തെ പീഡന ആരോപണം പെണ്‍കുട്ടി നിഷേധിച്ചിരുന്നു. ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന ആരോപണം നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. പൊലീസില്‍ പരാതി പെടാന്‍ തയാറാകാത്ത കുടുംബം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കാനും അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

അതേസമയം ഷെഫീക്ക് അല്‍ ഖാസിമിയെ ഉടന്‍ പിടികൂടുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഇമാമിനെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാണെന്നും പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.

അതിനിടെ ഷെഫീക്ക് അല്‍ ഖാസിമിക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഖാസിമിയെ കണ്ടെത്താനായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡി.വൈ.എസ്.പി ഡി അശോകന്‍ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇമാം രാജ്യം വിടാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ കീഴടങ്ങണെന്ന് പൊലീസ് ഇമാമിന്റെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വിതുരയില്‍ ട്യൂഷന് പോയി മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഷെഫീഖ് അല്‍ ഖാസിമി തന്റെ ഇന്നോവ കാറില്‍ കയറ്റുകയായിരുന്നു.

പേപ്പാറയ്ക്ക് സമീപം പട്ടന്‍കുളിച്ചപാറ വനമേഖലയില്‍ വച്ചാണ് സ്‌കൂള്‍ യൂണിഫോമണിഞ്ഞ പെണ്‍കുട്ടിയെ ഇയാള്‍ കാറില്‍ കയറ്റി പീഡിപ്പിച്ചത്. സമീപവാസിയായ പെണ്‍കുട്ടി റോഡിലൂടെ വരികയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ വിവരം അറിയച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

പീഡിപ്പിക്കാനാണ് കൂട്ടിക്കൊണ്ടുവന്നതെന്ന ആരോപണം പള്ളി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ശരിവയ്ക്കുകയും ഇമാം സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു. ആരോപണം പരിശോധിച്ച ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യറാകാത്തതിനാല്‍ പള്ളിയുടെ പ്രസിഡന്റിന്റെ പരാതിയിലാണ് കേസെടുത്തത്.