റിലയന്‍സ് ഉടമ അനില്‍ അംബാനിക്ക് അനുകൂലമായി കോടതി ഉത്തരവില്‍ തിരിമറി; സുപ്രിംകോടതിയിലെ രണ്ട് ജീവനക്കാരെ ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടു

single-img
14 February 2019

റാഫേൽ ഇടപാട് വിവാദത്തിൽ മുങ്ങി നിൽക്കുന്ന സാഹചര്യത്തിൽ  മറ്റൊരു കേസിൽ ഇടപെടലുമായി സുപ്രീംകോടതി. റിലയന്‍സ് ഉടമ അനില്‍ അംബാനിക്ക് അനുകൂലമായി കോടതി ഉത്തരവില്‍ തിരിമറി നടത്തിയ സംഭവത്തില്‍ സുപ്രിംകോടതിയിലെ രണ്ട് ജീവനക്കാരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ, തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടത്.

ഇന്നലെ അര്‍ധരാത്രിയാണ് കുറ്റക്കാരായ സുപ്രിംകോടതി രണ്ട് ജീവനക്കാരെ പിരിച്ചുവിടാന്‍ ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. അനില്‍ അംബാനിയും ആയി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവില്‍ മാറ്റം വരുത്തിയതിനാണ് നടപടി. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യുണിക്കേഷന്‍സിന് എതിരെ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയിലെ ഉത്തരവില്‍ മാറ്റം വരുത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് കോടതി അലക്ഷ്യ ഹര്‍ജിയില്‍ ജനുവരി 7 ന് പുറപ്പെടുവിച്ച വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സുപ്രിം കോടതി അന്ന് വൈകിട്ട് വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായാണ് രേഖപ്പെടുത്തിയത്.   ഇതിനെതിരെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം നടത്തുകയും, അംബാനിക്ക് ആശ്വാസം ആകുന്ന ഉത്തരവ് അപ്‌ലോഡ് ചെയ്തത് അനധികൃതമായ ഇടപെടലാണെന്ന് കണ്ടെത്തുകയും ചെയ്തു.

തുടര്‍ന്നാണ് ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടല്‍ ഉത്തരവില്‍ ഇന്നലെ രാത്രി ഒപ്പ് വച്ചത്.