യുവതികളുടെ സാന്നിധ്യം അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ല: നിലപാടിലുറച്ച് സര്‍ക്കാര്‍

single-img
14 February 2019

യുവതികളുടെ സാന്നിധ്യം ശബരിമലയിലെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികളില്‍ എഴുതി നല്‍കിയിരിക്കുന്ന വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ചയാണ് സര്‍ക്കാര്‍ വാദം എഴുതി നല്‍കിയത്.

പത്തു വയസ്സ് മാത്രമുള്ള പെണ്‍കുട്ടി അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഇല്ലാതാക്കുമെന്ന വാദം അംഗീകരിക്കാനാകില്ല. 2007 വരെ 35 കഴിഞ്ഞ യുവതികള്‍ക്കും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം ആകാമായിരുന്നു. 2007ലാണ് ഇത് 60 വയസ്സായി ഉയര്‍ത്തിയത്. യുവതികളെ പ്രവേശിപ്പിക്കാത്തത് ശബരിമല ക്ഷേത്രത്തിന്റെ അവിഭാജ്യമായ ആചാരമല്ല.

നൂറുകണക്കിന് അയ്യപ്പ ക്ഷേത്രങ്ങളില്‍ യുവതികള്‍ക്കു പ്രവേശിക്കാം. വിലക്കുള്ളത് ഇവിടെ മാത്രമാണ്. ഒരു മതത്തിന്റെയോ പ്രത്യേക വിഭാഗത്തിന്റെയോ അവിഭാജ്യമായ ആചാരണമാണോ യുവതീപ്രവേശ വിലക്ക് എന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കണമെന്നും വാദത്തില്‍ പറയുന്നു.

ആചാരപരമായ ഒരു സമ്പ്രദായത്തിനും ഭരണഘടന പരിരക്ഷ നല്‍കുന്നില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ വാദത്തില്‍ പറയുന്നു. ഭരണഘടന ബെഞ്ചിന്റെ വിധി രാജ്യത്തെ പല ക്ഷേത്രങ്ങളുടെയും സ്വാഭാവിക നീതി നിഷേധിക്കുമെന്ന വാദം തെറ്റാണെന്നും വിധി ബാധകം ആകുന്ന എല്ലാവരേയും കോടതിക്ക് കേള്‍ക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.