ലോക്സഭാ തിരഞ്ഞെടുപ്പിൽ പിസി ജോർജ് പത്തനംതിട്ടയിൽ; തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്തും

single-img
14 February 2019

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ചേക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. കേരള കോണ്‍ഗ്രസ് മാണിയില്‍ നിന്നും പിജെ ജോസഫിന് പുറത്തുവരേണ്ടി വരും. ആ സമയത്ത് അദ്ദേഹവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പിസി ജോര്‍ജ് പറഞ്ഞു.

യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ കേരള ജനപക്ഷത്തിന്റെ അഞ്ച് സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുമെന്നും  പി സി ജോര്‍ജ് പറഞ്ഞു. മനോരമന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിസി ജോർജിൻ്റെ പ്രതികരണം.

എന്റെ നിയോജക മണ്ഡലം പത്തനംതിട്ടയാണ്. അവിടെത്തന്നെ മത്സരിക്കാനുള്ള സാധ്യതയാണ് ഞാന്‍ കാണുന്നത്.    മാത്രമല്ല മത്സരരംഗത്ത് ഞങ്ങളുടെ പാർട്ടിയുടെതായി രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളുണ്ടാകും- പി സി ജോര്‍ജ്   പറഞ്ഞു. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിന് താന്‍ നല്‍കിയ കത്തിന് ഇതുവരെ മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് പി സി ജോര്‍ജിന്റെ പുതിയ നീക്കം.  

കോട്ടയം, പത്തനംതിട്ട, ഇടുക്കി, തിരുവനന്തപുരം, ചാലക്കുടി മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്ന് പിസി ജോര്‍ജ് അവകാശപ്പെട്ടു. അപമാനിതനാകാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടാണ് ചര്‍ച്ചയ്ക്ക് യുഡിഎഫിന് കത്ത് നല്‍കാതെ കോണ്‍ഗ്രസിന് കത്ത് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പി ജെ ജോസഫ് പറയുന്നയാളെ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ജോസ് കെ മാണിയെ അംഗീകരിച്ച് പി ജെ ജോസഫ് തുടരാന്‍ തീരുമാനിച്ചാല്‍ അദ്ദേഹത്തിനൊപ്പമുള്ള അസംതൃപ്തരെ ഉള്‍ക്കൊള്ളുന്ന സംവിധാനമൊരുക്കാന്‍ താന്‍ നിര്‍ബന്ധിതനാകും-  പിസി ജോർജ് പറഞ്ഞു.