ഒമാനില്‍ പ്രവാസി നഴ്‌സുമാരെ പിരിച്ചുവിടുന്നു

single-img
14 February 2019

ഒമാനില്‍ വിദേശി നഴ്‌സുമാരെ പിരിച്ചുവിടുന്നു. പൊതുമേഖലയിലെ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 200 വിദേശികള്‍ക്ക് പകരം സ്വദേശി നഴ്‌സുമാരെ നിയമിക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ബുറൈമി, ഖസബ്, ജഅലാന്‍ ബനീ ബു അലി, സുഹാര്‍, ഹൈമ, സീബ്, ബോഷര്‍ എന്നിവിടങ്ങളിലും ഖൗല ഹോസ്പിറ്റല്‍, മസ്‌കത്ത് റോയല്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലുമാണ് സ്വദേശികള്‍ക്ക് നിയമനം നല്‍കുന്നത്. തത്പരരായ സ്വദേശികള്‍ അടുത്തമാസം മൂന്നിനും 14നും ഇടയില്‍ ആരോഗ്യ മന്ത്രാലയം റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

പൊതു ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് 70 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 2017 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ 38 ശതമാനവും സ്വദേശികളാണ്. നഴ്‌സുമാരുടെ എണ്ണം 12 ശതമാനത്തില്‍ നിന്ന് 62 ശതമാനമായി ഉയര്‍ന്നു.